പുതിയ നിരക്കുകളുമായി ടെലികോം കമ്പനികൾ; വിപണിയിലെ പ്ലാനുകൾ ഇങ്ങനെ

മുംബൈ: റിലയൻസ് ജിയോ പ്രീ പെയ്ഡ് പ്ലാനുകൾ പരിഷ്ക്കരിച്ചു. വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ജിയോയുടെ പുതിയ പ്ലാനുകൾ ലഭ്യമാകും. ഓരോ ഇന്ത്യക്കാരന്‍റെയും യഥാർത്ഥ ഡിജിറ്റൽ ജീവിതം ശക്തിപ്പെടുത്തുന്നത് കമ്പനി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. പുതിയ അൺലിമിറ്റഡ് പ്ലാനുകൾ 2021 ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും.

ജിയോയുടെ ഏറ്റവും പുതിയ പ്ലാനുകൾ ഇങ്ങനെ…

വൊഡാഫോൺ ഐഡിയയും (Vodafone Idea, V!) എയർടെലും (Airtel) അടുത്തിടെ പ്രീപെയ്‌ഡ്‌ പ്ലാനുകളുടെ (Prepaid Plan) നിരക്ക് 20 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു. വി ഐയുടെ പുതിയ പ്ലാനുകൾ നവംബർ 25 ന് നിലവിൽ വന്നു. എയർടെലിന്റെ പുതിയ നിരക്കുകൾ കഴിഞ്ഞ ദിവസം മുതലാണ് നിലവിൽ വന്നത്. നിലവിൽ വി ഐയുടെയും എയർടെലിന്റെയും ഏറ്റവും കുറഞ്ഞ പ്ലാൻ 99 രൂപയുടേതാണ്. ഈ പ്ലാനിന് 28 ദിവസത്തെ കാലാവധിയാണ് ഇരു ടെലികോം സേവന ദാതാക്കളും നൽകുന്നത്. ഓരോ ഉപയോക്താവിന്റെയും ശരാശരി റവന്യു (Average Revenue Per User – ARPU) വർദ്ധിപ്പിക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും വേണ്ടിയാണ് നിരക്ക് വർദ്ധനയെന്നാണ് വി ഐയും എയർടെലും നൽകുന്ന വിശദീകരണം. നിരക്ക് വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ വി ഐ, എയർടെൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന പുതിയ പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാം:

എയർടെലിന്റെ പുതിയ നിരക്കുകൾ

ജനപ്രിയ പ്രതിമാസ പ്ലാനുകൾക്ക് കുറഞ്ഞത് 50 രൂപയെങ്കിലും എയർടെൽ ഉപയോക്താക്കൾക്ക് ഇനി അധികമായി നൽകേണ്ടി വരും. 56 ദിവസവും 84 ദിവസവും കാലാവധിയുള്ള പ്ലാനുകൾക്ക് കുറഞ്ഞത് യഥാക്രമം 479 രൂപയും 455 രൂപയും നൽകേണ്ടി വരും. ടോപ് അപ്പ് പ്ലാനുകളുടെ നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. 48 രൂപയുടെ ടോപ് അപ്പിന് ഇനി 58 രൂപയാകും നൽകേണ്ടി വരിക. ഇന്ന് മുതൽ 98 രൂപയുടെ ടോപ് അപ്പിന്റെ നിരക്ക് 118 രൂപയായും 251 രൂപയുടെ ടോപ് അപ്പിന്റെ നിരക്ക് 301 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.

നിരക്ക് വർദ്ധനയെത്തുടർന്ന് 28 ദിവസത്തെ കാലാവധിയുള്ള 75 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാനിന് ഇനി 99 രൂപ നൽകേണ്ടി വരും. 149 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാനിന്റെ നിരക്ക് 179 രൂപയായും, 219 രൂപയുടെ പ്ലാൻ 265 രൂപയായും, 249 രൂപയുടെയും 298 രൂപയുടെയും പ്രീപെയ്‌ഡ്‌ പ്ലാനുകൾ യഥാക്രമം 299 രൂപയായും 359 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. 56 ദിവസത്തെ കാലാവധിയുള്ള പ്രീപെയ്‌ഡ്‌ പ്ലാനുകൾക്ക് ഇനി 479 രൂപയും 549 രൂപയുമാണ് നൽകേണ്ടി വരിക. അവയുടെ മുമ്പത്തെ നിരക്കുകൾ യഥാക്രമം 399 രൂപയും 449 രൂപയുമായിരുന്നു.

84 ദിവസത്തെ കാലാവധിയുള്ള എയർടെൽ പ്ലാനുകൾക്ക് ഇനി കുറഞ്ഞത് 455 രൂപയാണ് നൽകേണ്ടി വരിക. 598 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 719 രൂപയായും 698 രൂപയുടെ പ്ലാൻ 839 രൂപയുമായി ഉയർന്നിട്ടുണ്ട്. വാർഷിക പ്ലാനുകളുടെ കാര്യത്തിൽ, 365 ദിവസത്തെ കാലാവധി ഉണ്ടായിരുന്ന 1,498 രൂപയുടെ പ്ലാനിന്റെ നിരക്ക് 1,799 രൂപയായും 2,498 രൂപയുടെ പ്ലാനിന്റെ നിരക്ക് 2,999 രൂപയായും വർദ്ധിപ്പിച്ചിരിക്കുന്നു.

പുതിയ വി ഐ പ്രീപെയ്ഡ് പ്ലാനുകൾ

28 ദിവസത്തെ കാലാവധിയുള്ള ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 99 രൂപയാണ്. ഈ പ്ലാനിന് മുമ്പ് ഈടാക്കിയിരുന്നത് 75 രൂപയായിരുന്നു. അൺലിമിറ്റഡ് വോയ്‌സ് ആൻഡ് ഡാറ്റ പ്രീപെയ്‌ഡ്‌ വിഭാഗത്തിൽ 149 രൂപയുടെ പ്ലാൻ ഇനി മുതൽ 179 രൂപയ്ക്കാണ് ലഭ്യമാവുക. മുമ്പ് 219 രൂപയ്ക്ക് ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 269 രൂപയായും 249 രൂപയുടെ പ്ലാൻ 299 രൂപയായും 299 രൂപയുടെ പ്ലാൻ 359 രൂപയായും വർദ്ധിപ്പിച്ചു. 379 രൂപയ്ക്ക് ലഭ്യമായിരുന്ന പ്ലാനിന്റെ നിലവിലെ നിരക്ക് 459 രൂപയാണ്. നിരക്ക് വർദ്ധനയോടെ 399 രൂപയുടെ പ്ലാനിന് 479 രൂപയും 449 രൂപയുടെ പ്ലാനിന് 539 രൂപയുമാണ് വി ഐ ഉപയോക്താക്കൾക്ക് നൽകേണ്ടി വരിക.

ഈ പ്രീപെയ്ഡ് പ്ലാനുകളെല്ലാം പരിധികളില്ലാത്ത സൗജന്യ വോയ്‌സ് കോളിങ് സേവനവും ദിവസേന 100 സൗജന്യ എസ് എം എസ് സേവനവും നൽകുന്നുണ്ട്. എന്നാൽ, കാലാവധിയുടെ കാര്യത്തിൽ വ്യത്യാസങ്ങളുണ്ട്. മുമ്പ് 699 രൂപയ്ക്ക് ലഭ്യമായിരുന്ന വി ഐ പ്രീപെയ്ഡ് പ്ലാനിന് ഇനി 839 രൂപയാകും നൽകേണ്ടി വരിക. 365 ദിവസത്തെ കാലാവധിയുള്ള വാർഷിക പ്ലാനുകളുടെ കാര്യത്തിലും നിരക്ക് വർദ്ധനവ് ബാധകമാണ്. 1,499 രൂപയുടെ പ്ലാനിന് 1,799 രൂപയും 2,399 രൂപയുടെ പ്ലാനിന് 2,899 രൂപയുമാകും ഇനി ഉപയോക്താക്കൾക്ക് നൽകേണ്ടി വരിക.

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കുള്ള താരിഫ് വർദ്ധിപ്പിക്കുന്നതായി നവംബർ 22 നാണ് എയർടെൽ പ്രഖ്യാപിച്ചത്. ഒരു ദിവസത്തിന് ശേഷം വൊഡാഫോൺ ഐഡിയയും നിരക്ക് വർദ്ധിപ്പിക്കുന്നതായി അറിയിച്ചു. ശരാശരി 20 മുതൽ 25 ശതമാനം വരെയാണ് ഇരു ടെലികോം സേവന ദാതാക്കളും നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. എത്രയോ വർഷങ്ങളായി ലോകത്ത് ഏറ്റവും കുറഞ്ഞ ശരാശരി കോൾ, ഡാറ്റ നിരക്കുകൾ ലഭ്യമാക്കുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ.

ഉപയോക്താക്കളുടെ ആകെ താരിഫ് ഉയർത്താനുള്ള ശ്രമങ്ങളുടെ ആക്കം കൂട്ടുകയാണ് ടെലികോം വ്യവസായമെന്ന് കെയർ അഡ്വൈസറിയുടെ ഡയറക്റ്റർ തുഷാർ ഷാ പറയുന്നു. ഓരോ ഉപയോക്താവിന്റെയും ശരാശരി റവന്യു 200 രൂപയാക്കി ഉയർത്തുകയാണ് ടെലികോം സേവനദാതാക്കൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

ടെലികോം പരിഷ്കരണങ്ങൾക്ക് ശേഷം രണ്ടു മാസം പിന്നിടുമ്പോൾ പ്രാബല്യത്തിൽ വരുന്ന ഈ നിരക്ക് വർദ്ധന ടെലികോം വ്യവസായത്തിന് സാമ്പത്തികമായ സ്ഥിരത നൽകാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വി ഐയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ഫണ്ട് റെയിസിംഗിനെയും സഹായിക്കും. “പുതിയ താരിഫ് പ്ലാനുകൾ ഓരോ ഉപയോക്താവിന്റെയും ശരാശരി റവന്യു മെച്ചപ്പെടുത്താനും ഒപ്പം ഈ മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുംസഹായിക്കും”, വി ഐ പ്രസ്താവനയിലൂടെ അറിയിച്ചു.