മദ്യക്കമ്പനികളുടെ കഴുത്തറുത്ത് കാഷ് ഡി‌സ്‌കൗണ്ട് പരിഷ്‌കാരം, മദ്യവില കുത്തനേ ഉയരും

തിരുവനന്തപുരം: മുൻകൂർ എക്സൈസ് ഡ്യൂട്ടിക്ക് പുറമെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരം കൂടി ബെവ്കോ നടപ്പാക്കുന്നതോടെ മദ്യക്കമ്പനികൾ മദ്യവില കൂട്ടാൻ വഴിയൊരുങ്ങി. ഉത്പാദനച്ചെലവും നികുതി ഭാരവും താങ്ങാനാകാത്ത കമ്പനികൾക്ക് ഇരുട്ടടിയാണ് പരിഷ്കാരങ്ങൾ. ഇതോടെ ചെറുകിട കമ്പനികൾ കളംവിടാനോ പൂട്ടാനോ ഇടയാകും.

ഏപ്രിൽ ഒന്നു മുതൽ മദ്യക്കമ്പനികൾ എക്സൈസ് – ഇറക്കുമതി ഡ്യൂട്ടികൾ അടച്ച് പെർമിറ്റ് എടുക്കണമെന്നാണ് ബെവ്കോ എം.ഡിയുടെ വിവാദ നിർദ്ദേശം. മദ്യവില്പനയ്‌ക്ക് ശേഷം ക്വട്ടേഷൻ തുകയ്ക്കൊപ്പം മുൻകൂർ നികുതി തിരിച്ചു കിട്ടുമെങ്കിലും ചെറുകിട കമ്പനികൾക്ക് ഇത് താങ്ങാനാവില്ല. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ബിയർ, വൈൻ, വിദേശനിർമ്മിത വിദേശമദ്യം, വിദേശനിർമ്മിത വൈൻ ഇനങ്ങളിലായി 128 കമ്പനികളാണ് ബെവ്കോയ്‌ക്ക് മദ്യം നൽകുന്നത്. ബെവ്കോ ഇവരിൽ നിന്ന് ഡിസ്‌പ്ളേ ചാർജ് ഈടാക്കാറുണ്ട്. ഡിമാൻഡുള്ള ബ്രാൻഡുകൾക്ക് 7.75 ശതമാനമാണ് ഡിസ്‌പ്ളേ ചാർജ്. പുതിയ കമ്പനികൾ ഡിസ്‌പ്ളേ ചാർജിന് പുറമേ സ്റ്റോക്ക് ട്രാൻസ്ഫർ നോട്ടായി (എസ്.ടി.എൻ) 14 ശതമാനം തുകയും നൽകണം. പുതിയ കമ്പനികൾ ഡിസ്‌പ്ളേ, എസ്.ടി.എൻ ഇനങ്ങളിൽ 21.75 ശതമാനമാണ് ബെവ്കോയ്ക്ക് നൽകുന്നത്. ആയിരം മുതൽ ലക്ഷം വരെ എത്ര കേയ്സ് വിറ്റാലും ഇതാണ് രീതി. ഇതിന് പകരമാണ് കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരം.

ഇതാണ് കാഷ് ഡിസ്‌കൗണ്ട്

എല്ലാ കമ്പനികളും 10,000 കേയ്സ് വരെ പത്ത് ശതമാനവും അതിന് മുകളിൽ 20 ശതമാനവും ചില ബ്രാൻഡുകൾക്ക് 30 ശതമാനവും കാഷ് ഡിസ്കൗണ്ടായി നൽകണം. ഇതിനൊപ്പം സ്പിരിറ്റ്, ബോട്ടിൽ, ലേബലിംഗ്, പായ്‌ക്കിംഗ്, ലോഡിംഗ് – അൺലോഡിംഗ് തുടങ്ങി ഉത്പാദന ചെലവുകൾ കണക്കാക്കുമ്പോൾ മിക്ക കമ്പനികൾക്കും തുച്ഛമാണ് ലാഭം. ഇതാണ് വിലകൂട്ടാനിടയാക്കുന്നത്.

700രൂപ വരെ വില ഉയരാം

കാഷ് ഡിസ്കൗണ്ട് ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നിരിക്കെ ബെവ്കോ മാനദണ്ഡപ്രകാരം മദ്യം ഉത്പാദിപ്പിക്കാൻ കമ്പനികൾക്കാവില്ല. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച അസാദ്ധ്യമായിരിക്കെ കമ്പനികൾക്ക് വില കൂട്ടേണ്ടിവരും.

750- 800 രൂപയ്ക്ക് വിൽക്കുന്ന ഫുൾ ബോട്ടിൽ മദ്യത്തിന് 1050 രൂപയായി കൂടാം. ബിയറിനും വൈനിനും 50 മുതൽ 75 രൂപ വരെയും റം, വിസ്കി, ബ്രാൻഡി എന്നിവയ്ക്ക് 200 മുതൽ 450 രൂപവരെയും വിദേശ ബ്രാൻഡുകൾക്ക് 350 മുതൽ 700 രൂപവരെയും വർദ്ധിച്ചേക്കാം.

ബെവ്കോയുടെ മദ്യവില്പന

(തുക കോടിയിൽ)

2015-201611577.64

2016-201712142.68

2017-201812937.20

2018-201914508.21

2019-202014707.55