അയ്യപ്പ ഭക്തര്‍ക്ക് ഇനി ഇ- കാണിക്കയും അര്‍പ്പിക്കാം

സന്നിധാനം: ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി ഇ- കാണിക്ക അര്‍പ്പിക്കാനുള്ള സജ്ജീകരണമായി. ദേവസ്വം ബോര്‍ഡ് ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് ഈ സൗകര്യം. ഗൂഗിള്‍ പേ വഴി തീര്‍ഥാടകര്‍ക്ക് കാണിക്ക അര്‍പ്പിക്കാം. ഇ- കാണിക്ക അര്‍പ്പിക്കുന്നതിനായി നിലയ്ക്കലും സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി 22 ക്യു- ആര്‍ കോഡുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ഇത് കൂടാതെ ഭക്തര്‍ക്ക് 9495999919 എന്ന നമ്പരിലും കാണിക്ക ഗൂഗിള്‍ പേ ചെയ്യാം. ശബരിമല തീര്‍ഥാടന പാതയുടെ വിവിധ ഇടങ്ങളില്‍ കൂടുതല്‍ ക്യു- ആര്‍ കോഡ് പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു. ഇ-കാണിക്കയുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.