Fincat

രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

1 st paragraph

നവംബര്‍ 11നും 12നും ബെംഗളൂരുവില്‍ എത്തിയ 66, 46 വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2nd paragraph

ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട്‌ സാമ്പിളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും രണ്ട് പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. രോഗികളുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 10 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്താകമാനം 29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്നും ഈ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഒമിക്രോണ്‍ വകഭേദം

കോവിഡിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. 12 വകഭേദങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്‌സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍ എന്ന വിഭാഗത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഡെല്‍റ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.