വഖഫ് ബോർഡിനെ അപ്രസക്തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്ന് മുസ്ലിം ലീഗ്.
മലപ്പുറം: വഖഫ് ബോർഡിനെ അപ്രസക്തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്ന് മുസ്ലിം ലീഗ്. വഖഫ് വിഷയത്തിൽ ലീഗ് നേതൃസമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ തുടങ്ങിയവർ.
സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും അതുവരെയും ലീഗ് പ്രക്ഷോഭം നയിക്കുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു. ഈ മാസം 9 ന് വഖഫ് സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്നും തുടർ പ്രക്ഷോഭങ്ങൾ പിന്നീട് ആസൂത്രണം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.
വഖഫ് ബോർഡിനെ അപ്രസക്തമാക്കാനുള്ള നീക്കവുമായി സർക്കാർ എന്തിനാണ് മുന്നോട്ട് പോകുന്നത്. വഖഫിൽ സർക്കാർ ഇടപെടുന്നതിന്‍റെ ആവശ്യകത മുസ്ലിംകൾക്ക് മാത്രമല്ല പൊതു സമൂഹത്തിന് ആകെയും ബോധ്യപ്പെട്ടിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
എന്തിനെയും വർഗീയ വത്കരിക്കുന്നത് ശരിയല്ല. ന്യായമായ അവകാശങ്ങളെപോലും വർഗീയത ആരോപിച്ച് നിഷേധിക്കുകയാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
വഖഫ് ബോർഡിനെ അപ്രസക്തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണ്. രാജ്യത്തെവിടെയും മുമ്പെങ്ങുമില്ലാത്ത നീക്കമാണ് കേരള സർക്കാർ നടത്തുന്നത്. ഇത് ബി.ജെ.പി സർക്കാറുകൾ ആവർത്തിക്കുമെന്നും വഖഫ് ബോർഡുകളെ അപ്രസക്തമാക്കുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.