ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ മിന്നൽ പരിശോധന, ഉദ്യോഗസ്ഥർക്ക് മാസപ്പടി
ലൈസൻസ് വിതരണത്തിൽ ക്രമക്കേട്
മായം ചേർക്കുന്നവർക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു
തിരുവനന്തപുരം: മാസപ്പടി വാങ്ങി, ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്ന വൻകിട കമ്പനികൾക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നതായി ‘ഓപ്പറേഷൻ ജീവൻ- 2’ എന്നപേരിൽ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തി. ഐ.ജി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ പരിശോധന നടത്തിയത്. വൻകിട കമ്പനികൾക്ക് ലൈസൻസ് വിതരണം ചെയ്യുന്നതിൽ വ്യാപക ക്രമക്കേടുണ്ടെന്ന് കണ്ടെത്തി.

ശേഖരിക്കുന്ന സാമ്പിളുകൾ കടയുടമകളിൽ നിന്ന് കൈക്കൂലി വാങ്ങി കൃത്യമായി പരിശോധനകൾക്ക് അയയ്ക്കുന്നില്ല. പരിശോധനാ റിപ്പോർട്ട് ലഭിച്ചാലും കൈക്കൂലി വാങ്ങി നടപടികളെടുക്കുന്നില്ല.
നിരോധിച്ച ഭക്ഷ്യവസ്തുക്കൾ വീണ്ടും വിപണിയിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത വെളിച്ചെണ്ണ, ബേക്കറി ഭക്ഷ്യ ഉല്പന്നങ്ങൾ, ഐസ് ക്രീം, പാൽ മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ വ്യാപകമായി വിറ്റഴിക്കുന്നു. സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുന്ന ലാബുകളിൽ ഭക്ഷ്യക്കമ്പനികൾ നേരിട്ടെത്തി റിപ്പോർട്ടുകൾ അവർക്ക് അനുകൂലമാക്കി മാറ്റുന്നു. കുറ്റക്കാർക്കെതിരെ 5ലക്ഷം വരെ പിഴയിടാമെങ്കിലും തുച്ഛമായ പിഴയാണ് ഈടാക്കുന്നത്. നിരോധിച്ച ഉല്പന്നങ്ങൾ കൃത്യമായ പരിശോധനയില്ലാത്തതിനാൽ മറ്റ് പേരുകളിൽ വിപണിയിലെത്തുന്നു. വൻകിട ഹോട്ടലുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൈക്കൂലി വാങ്ങി പരിശോധന നടത്താറില്ല. ഒന്നിലേറെ തവണ മായംചേർക്കലിന് പിടിക്കപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുന്നില്ല. കടകളിൽ പരിശോധന നടത്താതെയാണ് ലൈസൻസ് നൽകുന്നത്.
റാന്നി, ആറന്മുള, ചവറ, ചടയമംഗലം, സുൽത്താൻ ബത്തേരി, കല്ല്യാശേരി, പേരാമ്പ്ര ഓഫീസുകൾ രാവിലെ 11ആയിട്ടും തുറന്നില്ലെന്നും കണ്ടെത്തി. വെള്ളിയാഴ്ച ഓഫീസ് തുറക്കില്ലെന്ന് റാന്നി ഓഫീസിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ജില്ലാ ഓഫീസിന്റെ അറിവില്ലാതെയാണ് ഈ ബോർഡ് വച്ചതെന്നും പരിശോധനയിൽ വ്യക്തമായി.