ഔദാര്യത്തിനല്ല, അവകാശത്തിനാണ് ആളുകള്‍ വരുന്നതെന്ന് ഓര്‍മവേണം; ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പലപ്പോഴും തദ്ദേശ സ്വയംഭരണ ജീവനക്കാരില്‍ നിന്ന് ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണമെന്നും കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനൊ ബുദ്ധിമുട്ടിക്കാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനമുണ്ടായത്.

ആരും വ്യക്തിപരമായ ഔദാര്യത്തിന് വേണ്ടി വരുന്നവരല്ല. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് ഓര്‍ക്കണം. സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. ഇതില്‍ നിന്ന് എങ്ങനെ മുക്തി നേടുമെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പറ്റില്ലെന്ന് തന്നെ പറയണം. എന്നാല്‍ അനുവദിക്കാവുന്ന കാര്യങ്ങളിലും വിമുഖത സ്വീകരിക്കുന്നത് ശരിയല്ല.

ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ അത്ര ആരോഗ്യപരമായ സമീപനം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നപരാതി വ്യാപകമായി ഉയരുന്നു. ആരും നിങ്ങളുടെ വ്യക്തിപരമായ ഔദാര്യത്തിന് വരുന്നവരല്ല അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് ഓര്‍ക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല ആ കസേരയിലിരിക്കുന്നത്. ജീവനക്കാരാകെ ഇത്തരക്കാരാണ് എന്നല്ല പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ളവരും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഫീസുകളില്‍ വന്ന് തിക്താനുഭവങ്ങളുമായി തിരികെ പോകുന്നവരുണ്ട്. ആവശ്യങ്ങള്‍ക്കായി നിരവധി തവണ മുട്ടിയിട്ടും വാതില്‍ തുറക്കുന്നില്ല. ഇതല്ലെ അവസ്ഥ. ഇത്തരം കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുകയും തിരുത്തുകയും വേണം. ഇത്തരം ഉദ്ദേശങ്ങള്‍ക്കായല്ല കസേരയിലിരിക്കുന്നത്. അങ്ങനെ ഇരിക്കുന്നവര്‍ക്ക് ഒരു ഘട്ടത്തില്‍ പിടിവീഴും. പിന്നെ അവരുടെ താമസം എവിടെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഴിമതി ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്. എന്നാല്‍ അഴിമതി തീരെ ഇല്ലാത്ത നാടാവുകയാണ് നമ്മുടെ ആവശ്യം. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള ആയിരം ആളുകള്‍ക്ക് അഞ്ച് തൊഴില്‍ എന്നത് സര്‍ക്കാര്‍ നിലപാടാണ്. അത് പ്രഖ്യാപനത്തില്‍ കിടക്കേണ്ടതല്ല, അക്കാര്യം നടക്കണം. ആരെങ്കിലും തൊഴില്‍ നല്‍കുന്ന സ്ഥാപനവുമായി വരുമ്പോള്‍ അവരെ ശത്രുക്കളായി കാണുന്ന ചിലരുണ്ട്. അത്തരക്കാര്‍ നാടിന്റെ ശത്രുക്കളാണ്.

കുറെ ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ വരുന്നവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ ബാധ്യത. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങളിരിക്കുന്ന കസേരയുടെ ഭാഗമായിട്ടാണെന്ന കാര്യം ഓര്‍മവേണം. ആളുകളെ ഉപദ്രവിക്കാനല്ല ചുമതല നിര്‍വഹിക്കുന്നത്. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ ഉടക്കിടാന്‍ പാടില്ല. പലപ്പോഴും അങ്ങനെയുണ്ടാകുന്നു. ഇത്തരം കാര്യങ്ങളില്‍ കൃതൃമായ സമീപനം സ്വീകരിച്ച് പോകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു