ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിൽ രാജ്യവ്യാപകമായി പൊതു പണിമുടക്ക്
ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. ഇതിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായി രാജ്യത്താകമാനം പൊതുപണിമുടക്ക് നടത്താനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന, വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ, കർഷക തൊഴിലാളി വിരുദ്ധത, കോർപ്പറേറ്റ് അനുകൂല നിലപാടുകൾ, ജനവിരുദ്ധ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പണിമുടക്ക്. ‘ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.