മുഖ്യമന്ത്രി നേരിട്ട് ഭരിച്ചിട്ടും പൊലീസ് സർക്കാരിനെ നാണം കെടുത്തുന്നു; സിപിഎം ഏരിയ സമ്മേളനത്തിൽ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്‌തിട്ടും ആഭ്യന്തര വകുപ്പിൽ നിന്നും നിരന്തരം സർക്കാരിനെ നാണം കെടുത്തുന്ന പ്രവർത്തനങ്ങളാണുണ്ടാകുന്നതെന്ന് പാർട്ടിയ്‌ക്കുള്ളിൽ വിമർശനം. സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനമുയർന്നത്. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടില്ലെന്നാണ് വിമർശനങ്ങൾക്കുള്ള മറുപടിയായി ജില്ലാനേതൃത്വം പറഞ്ഞത്.

തൈക്കാട് ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെയും ഓഫീസിനെതിരെയും വിമർശനം ഉയർത്തിയത്. മന്ത്രിമാരുടെ ഓഫീസിൽ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നിലനിറുത്തിയതെന്തിനാണെന്നും സമ്മേളനത്തിൽ ചോദ്യമുയർന്നു.

ആറ്റിങ്ങലിലെ പിങ്ക് പൊലീസ് എട്ടു വയസുകാരിയെയും അച്‌ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തട്ടിപ്പ് വീരനായ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരും പങ്കുചേർന്നതും പൊലീസ് സേനയ്‌ക്ക് വലിയ കളങ്കം സൃഷ്‌ടിച്ചിരിക്കുകയാണ്.

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ പൊലീസ് ഒത്തു കളിച്ചതും ആലുവയിൽ ഗാർഹികപീഡനത്തെ തുടർന്ന് മൊഫിയ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സി ഐയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകളും മലയിൻകീഴിൽ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനൊപ്പം ആറുവയസുകാരിയെയും അമ്മയെയും വീട്ടുകൊടുത്ത നടപടിയും പൊലീസിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഇതെല്ലാം ലോക്കൽ കമ്മിറ്റി അംഗങ്ങൾ സമ്മേളനത്തിൽ ചർച്ചയാക്കി.