ജങ്കാര്‍ സര്‍വീസ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും

പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഫിറ്റ്‌നസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

പൊന്നാനി ജങ്കാര്‍ സര്‍വീസ് സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഫിറ്റ്‌നസ് ഉദ്യോഗസ്ഥര്‍ അടിയന്തര പരിശോധന നടത്തി. നഗരാസഭാ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗ തീരുമാനത്തെ തുടര്‍ന്നാണ് പരിശോധന. പരിശോധനയില്‍ ജങ്കാറിന് ആവശ്യമായ സുരക്ഷാ രേഖകളും പെര്‍മിറ്റും ഉണ്ടെന്ന് കണ്ടെത്തി. പെര്‍മിറ്റ് കാലാവധി 2022 മാര്‍ച്ച് 31 വരെയുള്ള സാഹചര്യത്തില്‍ (ഡിസംബര്‍ എട്ട്) മുതല്‍ സര്‍വീസ് പുനരാരംഭിക്കും.

പൊന്നാനി നിന്നും പടിഞ്ഞാറെക്കരയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ജങ്കാറിന് കഴിഞ്ഞ ദിവസം യന്ത്ര തകരാറ് സംഭവിച്ചിരുന്നു. മാത്രമല്ല അനുവദീയമായതിനേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കൂട്ടിയാണ് സര്‍വീസ് നടത്തുന്നതെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം നടന്നത്.  തീരുമാനപ്രകാരം നടന്ന പരിശോധനയ്ക്ക് ശേഷം കരാറുകാരനെ വിളിച്ചുവരുത്തി നഗരസഭാ ചെയര്‍മാന്‍ സുരക്ഷാ സംബന്ധിച്ച നിര്‍ദേശം നല്‍കി. കൂടാതെ അനുവദീയമായ രീതിയിലുള്ള 59 യാത്രക്കാരും 22 ടണ്‍ ഭാരവും കര്‍ശനമായി പാലിക്കുന്നതിനും കര്‍ശന നിര്‍ദേശം നല്‍കി. നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദുസിദ്ധാര്‍ത്ഥന്‍ എന്നിവര്‍ കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഫിറ്റ്‌നസ് ഉദ്യോഗസ്ഥരുടെ കൂടെ അനുഗമിച്ചു.