രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു, ഇതുവരെ സ്ഥിരീകരിച്ചത് 23 പേർക്ക്; കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന്
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധനാഫലം ഇന്ന് വരും.

വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായ രണ്ടുപേരുടെ ജനിതക ശ്രേണീകരണ പരിശോധനാഫലങ്ങളാണ് ഇന്ന് കേരളം കാത്തിരിക്കുന്നത്. കോഴിക്കോട് ചികിത്സയിൽ കഴിയുന്ന യു കെയിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്റെയും, മഞ്ചേരി മെഡിക്കൽ കോളേജിലുള്ള ജർമ്മനിയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശിനിയുടേയും ഫലങ്ങളാണ് ഇന്ന് പുറത്തുവരിക. ആരോഗ്യപ്രവർത്തകന്റെ ബന്ധുവിന്റെയും, റഷ്യയിൽ നിന്നെത്തിയ രണ്ട് പേരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ഉടൻ തുടങ്ങണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകണമെന്നും, കുട്ടികളുടെ വാക്സിനേഷൻ പെട്ടെന്ന് ആരംഭിക്കണമെന്നും ഐ.എം.എ നിർദേശിച്ചു.