വഖഫ് നിയമനം പിഎസ്‌സിക്ക്; ഉടനെ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത

തിരുവനന്തപുരം: വഖഫിലേക്കുള്ള പിഎസ്‌സി നിയമനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് സമസ്ത. നിയമം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെന്നും മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സമസ്ത നേതാക്കള്‍. നിയമം റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പറഞ്ഞു.

മുസ്ലീം ലീഗ് ശക്തമായ പ്രതിഷേധത്തിലേക്ക് പോകുന്ന സമയത്താണ് സമസ്തയ്ക്ക് ഇങ്ങനെയൊരു ഉറപ്പ് നല്‍കിയെന്നുള്ളത് രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുകയാണ്. ഭാവി പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. സമസ്തയുടെ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ ഉറപ്പ് വ്യാജമെന്ന് മുസ്ലീം ലീഗ്

എന്നാല്‍ നിയമനം തത്കാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വ്യാജമെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സമസ്ത നേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ പുതുമയില്ലെന്ന് കെപിഎ മജീദ് പറഞ്ഞു. ആര്‍ജ്ജവമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിയമം റദ്ദാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

kpa-majeed