പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇഡി റെയ്ഡ്; രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചെന്ന പരാതിയിൽ

കണ്ണൂർ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പെരിങ്ങത്തൂരിൽ പോപ്പുലർ പ്രവർത്തകൻ ഷഫീഖിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തി. സംസ്ഥാനത്തെ മറ്റ് നേതാക്കളുടെ വീടുകളിലും വ്യാപകമായി റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

അതിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സ്ഥലത്തെത്തി. ഇഡി സംഘം മടങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ പ്രദേശം പൊലീസ് വലയത്തിൽ ആയതിനാൽ കൂടുതൽ പ്രതിഷേധം അനുവദിച്ചില്ല.

കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിച്ച എസ്ഡി.പി. ഐക്കാരെ പൊലിസ് സ്ഥലത്തു നിന്നും നീക്കി. കണ്ണൂർ കൂടാതെ മലപ്പുറത്തും മൂവാറ്റുപുഴയിലും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചു എന്ന പരാതിയിലാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ടുമണിമുതലാണ് റെയ്ഡിനായി ഇ.ഡി സംഘമെത്തിയത്.