കുറ്റിപ്പുറത്ത് എടിഎം കൗണ്ടറിൽ കഴുത്തു മുറിഞ്ഞ നിലയിൽ യുവാവ്
കുറ്റിപ്പുറം: അർധരാത്രി എടിഎം കൗണ്ടറിൽ കയറി കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച് കുറ്റിപ്പുറം പൊലീസ്. രക്തംവാർന്ന് അവശനിലയിലായ എറണാകുളം സ്വദേശിയായ യുവാവിനെ യഥാസമയം ആശുപത്രിയിലെത്തിച്ചതിനാൽ അപകടനില തരണം ചെയ്തു. ഇന്നലെ പുലർച്ചെ ഒന്നരയോടെ കുറ്റിപ്പുറം തിരൂർ റോഡിലെ എടിഎം കൗണ്ടറിലാണു സംഭവം.
രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തിൽ ഒപ്പ് രേഖപ്പെടുത്താനാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം.വിനോദും സിവിൽ പൊലീസ് ഓഫിസർ റിയാസും എത്തിയത്. വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയിൽ ഇരിക്കുന്ന യുവാവിനെ കണ്ടത്. അടുത്ത് രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു.
പൊലീസിനെ കണ്ട് യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറിൽനിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും എത്തിച്ച യുവാവിനെ ഇന്നലെ ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.