അഞ്ചില്‍ അഞ്ചും നേടി; ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മികച്ച വിജയം

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മലപ്പുറം ജില്ലയില്‍ മികച്ച വിജയം. അഞ്ച് സീറ്റില്‍ അഞ്ചിലും വിജയിച്ചാണ് യുഡിഎഫിന്റെ പ്രകടനം. ഉര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴേക്കോട് വാര്‍ഡില്‍ 384 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശിവകുമാര്‍ എന്ന സത്യന്‍ വിജയിച്ചത്.

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സത്താര്‍ 710 വോട്ടുകള്‍ക്ക് വിജയിച്ചു. കാലടിയിലെ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ യുഡിഫിന്റെ എം രജിത 277 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയക്കൊടി പാറിച്ചത്. തിരുവാലി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അല്ലേക്കാടന്‍ സജീസ് 110 വോട്ടിനും മക്കരപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഗഫൂര്‍ 90 വോട്ടിനും വിജയിച്ചു.