നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി

നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. ചെന്നൈയിൽ ഹോട്ടൽ ലീലാ പാലാസിൽ വച്ചായിരുന്നു വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ- കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

റഹ്മാന്റെ ആദ്യ ചിത്രമായ ‘കൂടെവിടെ’ യുടെ നിർമാതാവ് പ്രേം പ്രകാശ്, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ , സംവിധായകരായ മണിരത്നം, സുന്ദർ. സി, ഭാനു ചന്ദർ, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, വിക്രം പ്രഭു, ലാൽ, ശരത് കുമാർ, രാധികാ ശരത് കുമാർ, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലൻ, ശ്വേതാ മേനോൻ, ശോഭന, സുഹാസിനി, രേവതി, അംബിക, ലിസി, പാർവതി ജയറാം, മേനകാ സുരേഷ്, സ്വപ്ന, കെ. ഭാഗ്യരാജ്, പൂർണിമ, ഭാഗ്യരാജ്, ജയശ്രീ , താരാ ജോർജ്, കാളിദാസ് ജയറാം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. എ. ആർ. റഹ്മാൻ കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു.

മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്നസിനിമയിലൂടെയാണ് റഹ്മൻ അഭിനയരംഗത്തെത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. ടൈഗർ ഷ്രോഫ് ചിത്രമായ ‘ഗണപത്തി’ലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് റഹ്മാൻ.