ജനറൽ ബിപിൻ റാവത്തിനെ അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ്; രണ്ട് പേർ അറസ്റ്റിൽ

ജയ്പൂർ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ വിപിൻ റാവത്തിനെയും സേനാംഗങ്ങളെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ പൊലീസ്. മനീഷ് കുമാർ മീന, ജീവൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതിയിലാണ് നടപടി.

ഫേസ് ബുക്കിലൂടെയാണ് ഇരുവരും ബിപിൻ റാവത്തിനെ അപമാനിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മനീഷ് കുമാർ ബിപിൻ റാവത്തിനെതിരെ പോസ്റ്റ് ഇടുകയും, ജീവൻ ലാൽ ഇത് പങ്കുവയ്ക്കുകയുമാണ് ചെയ്തത്. ഇരുവരുടെയും പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഇരുവരുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ പരിശോധിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ സമൂഹിക ഐക്യം തകർക്കുന്ന ഇത്തരം സന്ദേശങ്ങൾ പങ്കുവയ്ക്കരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു.