മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം അല്ലെങ്കിൽ പുറത്ത്, മുൻ എംഎൽഎ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് എംഎം മണി

ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എംഎം മണി. മറയൂർ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എം.എം. മണിയുടെ പരാമർശം. ഏരിയാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുക്കാത്തതാണ് മണിയെ ചൊടിപ്പിച്ചത്.

ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാതെ രാജേന്ദ്രന് പാർട്ടിയിൽ തുടരാൻ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം. ‘രാജേന്ദ്രന് രാഷ്ടീയ ബോധമുണ്ട്. പക്ഷേ രാഷ്ട്രീയബോധമൊക്കെ തെറ്റിപ്പോയാലെന്ത് ചെയ്യും ? മൂന്ന് പ്രാവശ്യം എംഎൽഎയായി. 15 വർഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നെ ജീവിതകാലം മുഴുവൻ അയാൾക്ക് പെൻഷനായി നല്ല സംഖ്യകിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാർട്ടി? ‘ മണി ചോദിച്ചു.

രാജേന്ദ്രന് എതിരായ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, എന്തെല്ലാം പ്രശ്നമുണ്ടെങ്കിലും സമ്മേളനങ്ങളിൽ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണ്. കമ്മീഷൻ റിപ്പോർട്ട് അനുകൂലമായാൽ പോലും സമ്മേളനങ്ങിൽ വരാതിരിക്കുന്നതുകൊണ്ട് അയാൾക്ക് പാർട്ടിയിൽ തുടരാനാകില്ല. പുറത്താക്കും. അയാൾ വേറെ പാർട്ടി നോക്കണമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.