ദുബൈ ഗവൺമെന്റിന് കീഴിലെ ജോലികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദുബൈ ഗവൺമെന്റിന് കീഴിലുള്ള വകുപ്പുകളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ് തുടങ്ങിയവയിലാണ് ഒഴിവുകൾ. http://dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. യു.എ.ഇ പൗരൻമാർക്കും മറ്റു രാജ്യക്കാർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ദുബൈ ഹെൽത്ത് അതോറിറ്റിയിൽ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാർ ഒഴിവിലേക്ക് അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവർക്ക് അപേക്ഷിക്കാം. 20,000- 30,000 ദിർഹം (നാല് ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം.

ദുബൈ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് ബി.എസ്‌സി നഴ്‌സിങ്ങോ തത്തുല്യ യോഗ്യതയോ രണ്ടു വർഷം പരിചയസമ്പത്തോ ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 10,000 ദിർഹമിൽ താഴെ (രണ്ട് ലക്ഷം രൂപ). ഇതേ ഹോസ്പിറ്റലിലെ സീനിയർ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാർ (ജനറൽ സർജറി, ഇൻറേണൽ മെഡിസിൻ) എന്നിവയിലേക്ക് 20,000- 30,000 ദിർഹം (നാലു ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം. അൽ ജലീലിയ ചിൽഡ്രൻ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സൈക്കോളജിസ്റ്റിന്റെ ഒഴിവുമുണ്ട്.

ദുബൈ മീഡിയ ഓഫിസിൽ അറബിക് എഡിറ്ററുടെ (അറബി) ഒഴിവിലേക്ക് ജേണലിസം, കമ്യൂണിക്കേഷൻ, മൾട്ടിമീഡിയ, മീഡിയ സ്റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 10000 ദിർഹമിൽ (രണ്ട് ലക്ഷം രൂപ) താഴെ. സീനിയർ എഡിറ്റർ (അറബി) ഒഴിവിലേക്കും ഇതേ യോഗ്യതകളാണ് വേണ്ടത്. ശമ്പളം 10000 ദിർഹം- 20000 ദിർഹം (രണ്ടു ലക്ഷം രൂപ- നാലു ലക്ഷം രൂപ).

ദുബൈ ടൂറിസത്തിൽ ഡാറ്റാ എൻജിനീയറുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വനിത ശാക്തീകരണ വകുപ്പിൽ ഫിറ്റ്‌നസ് സൂപ്പർവൈസറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം