നാടുകാണിച്ചുരത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞു


നിലമ്പൂർ : ഊട്ടിയിലേക്ക് വിനോദയാത്രപോയ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്കുപരിക്ക് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നാടുകാണിച്ചുരത്തിൽ കേരള അതിർത്തി കഴിഞ്ഞ് തമിഴ്‌നാടിന്റെ ഭാഗത്ത് രണ്ടുകിലോമീറ്ററോളം ഉള്ളിലാണ് അപകടം. പരിക്കുപറ്റിയ നാലുപേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശേഷിക്കുന്നവരെ ഗൂഡല്ലൂർ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാലുശ്ശേരിയിൽനിന്ന് ഊട്ടിയിലേക്കുപോയ പുത്തൻപിലാവ് ആദർശ് (20), കാപ്പിക്കുന്നുമ്മൽ ആൽവിൻ (20), കുന്നിക്കൂട്ടം അമൽ (20), കാപ്പിക്കുന്നുമ്മൽ അഭിനവ് (20) എന്നിവരാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ശ്രീഹരി (25), പ്രസാദ് (20), നിഥിൻ (20), മിഥുൻ (20), അഭിനവ് (20), ആദർശ് (20) എന്നിവരാണ് ഗൂഡല്ലൂർ ആശുപത്രിയിലുള്ളത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

മൊത്തം 11 പേരാണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽനിന്ന് ഊട്ടിയിലേക്ക് യാത്രതിരിച്ചത്. എല്ലാവരും ബാലുശ്ശേരി സഹകരണ കോളേജിലെ ബിരുദവിദ്യാർഥികളാണ്. ആൽവിൻ എം.ഡിറ്റ് കോളേജിലാണ് പഠിക്കുന്നത്. മൂന്ന് മണിയോടെ കേരള അതിർത്തിയിൽനിന്ന് രണ്ട് കിലോമീറ്ററോളം അകലെ തമിഴ്‌നാട് താഴെ നാടുകാണിക്കടുത്തെത്തിയപ്പോഴാണ് നൂറടിയോളം താഴ്ചയിലേക്ക് വാഹനം തലകുത്തി മറിഞ്ഞത്. അസമയമായതിനാൽ അപകടം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അപകടത്തിൽപ്പെട്ടവരിൽ ചിലർ റോഡിലേക്ക് കയറിവന്ന് ആ വഴിപോയ വാഹനങ്ങൾ തടഞ്ഞുനിർത്തി അപകടവിവരം പറയുകയായിരുന്നു. തുടർന്ന് മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരുംചേർന്ന് അവശേഷിക്കുന്നവരെക്കൂടി പുറത്തെത്തിച്ചു. കൂടുതൽ പരിക്കുള്ളവരെയാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഗൂഡല്ലൂർ ഗവ. ആശുപത്രിയിലെത്തിച്ചവരുടെ പരിക്കുകളും ഗുരുതരമല്ല. കേരളത്തിൽനിന്നുള്ള സിവിൽ ഡിഫെൻസ് വൊളന്റിയർമാരും നാട്ടുകാരും മറ്റു വാഹനത്തിലെത്തിയവരും തമിഴ്‌നാട് ദേവാല പോലീസും സ്ഥലത്തെത്തി കൂടുതൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തി.