കെ റെയിൽ പരിസ്ഥിതിക്ക് ദോഷകരം, ഒരിക്കലും ലാഭകരമാകില്ല, സിപിഐ കൗൺസിലിൽ വിമർശനം
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കെ പദ്ധതിയെ വിമർശിച്ച് ഇടത് ഘടകകക്ഷിയായ സി.പി.ഐ. സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് കെ റെയിലിനെതിരെ വിമർശനം ഉയർന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ-റെയിലിനല്ല. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും വിമർശനമുയർന്നു. പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കുന്ന തരത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നും കൗൺസിലിൽ വിമർശനം ഉയർന്നു.

കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും കൗണ്‍സില്‍ യോഗത്തിൽ അഭിപ്രായമുയർന്നതായാണ് റിപ്പോർട്ട്. എന്നാല്‍ എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. സി.പി.ഐ ആയിട്ട് പദ്ധതിയെ തകര്‍ത്തുവെന്ന ആക്ഷേപം കേള്‍ക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം വ്യക്തമാക്കി.
