ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചു; വർഗീയലഹള ഉണ്ടാകാത്തത് എൽ.ഡി.എഫ് ഉള്ളതുകൊണ്ട്- കോടിയേരി
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവര്‍ഗീയയോടെയായിരുന്നുവെന്നും അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നതിനാണ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തിയതെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ‘ഹിന്ദുരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്’ എന്ന ലേഖനത്തിലാണ് ലീഗിനെ കോടിയേരി കടന്നാക്രമിക്കുന്നത്.
‘മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളില്‍പ്പോലും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വര്‍ഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട് നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ പ്രകടനവും സമ്മേളനവും.
സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയപ്രതിസന്ധിയിലുംനിന്ന് രക്ഷനേടാന്‍ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണ്. 1906 ഡിസംബറില്‍ ധാക്കയില്‍ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലിംലീഗിന്റെ വഴി തീവ്രവര്‍ഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തില്‍ ആ സംഘടന പിന്നീട് ഉയര്‍ത്തി. ബംഗാളില്‍ സായുധരായ മുസ്ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ 1946ല്‍ ലീഗ് പ്രതിനിധിയായ ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അമര്‍ച്ച ചെയ്യാന്‍ പൊലീസിനെയോ സൈന്യത്തെയോ വിട്ടില്ല. അതിന്റെകൂടി ഫലമായി ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ അരങ്ങേറുന്നതിനാണ് മുസ്ലിംലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതില്‍ പച്ചയായി വര്‍ഗീയത വിളമ്പുകയും ചെയ്തത്. മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തത്, കോടിയേരി പറഞ്ഞു.
ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചിരിക്കുകയാണ്. 1948 മാര്‍ച്ച് 10നു രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഭാഗമാണ് ഇവിടത്തെ ലീഗ് എന്നുപറയുന്നു. പക്ഷേ, ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള മതനിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നിലകൊള്ളേണ്ട ഉത്തരവാദിത്തം ഇവിടത്തെ രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ട്. അത് ലംഘിക്കുന്നതില്‍ ബിജെപിയും ആര്‍എസ്എസും നിര്‍ലജ്ജം മുന്നിലാണ്. അവരുടെ ശൈലിക്ക് സമാനമായി വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവിടത്തെ ഐയുഎംഎല്‍ വഖഫ് ബോര്‍ഡിലെ നാമമാത്രമായ തസ്തികകളുടെ നിയമനത്തിന്റെ പേരില്‍ കോലാഹല സമരം നടത്തുന്നത്.
സമുദായത്തിലെ പ്രബല വിഭാഗങ്ങള്‍ ആശങ്ക അറിയിച്ചപ്പോള്‍ ആശങ്ക മാറ്റാതെ മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമുദായ സംഘടനകള്‍ അത് അംഗീകരിച്ച് സമരപരിപാടിയില്‍നിന്ന് പിന്മാറി. എന്നാല്‍, അതിനെപ്പോലും വെല്ലുവിളിച്ച് മതവിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കമാണ് കോഴിക്കോട് പ്രകടനത്തിലൂടെ ലീഗ് നേതൃത്വം നടത്തിയത്.
വഖഫ് ബോര്‍ഡിന്റെ നിയന്ത്രണവും നേതൃത്വവും വലിയൊരു കാലത്തോളം മുസ്ലിംലീഗിന് ആയിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് മുസ്ലിംലീഗിന്റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിംലീഗ് നേതാക്കള്‍ മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ കാളകൂടവിഷം ലീഗ് ചീറ്റുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു നേതാവും ലീഗിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. അത് സംസ്ഥാന കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്‌കാരിക ച്യുതിയുടെയും തെളിവാണ്’ കോടിയേരി ലേഖനത്തില്‍ പറയുന്നു.
രാഹുലിന്റെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിനു മുന്നില്‍ മൗനംപാലിക്കുന്നത് മുസ്ലിംലീഗിന്റെ ഗതികേടാണ്. ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നതിലും തുറന്നുകാട്ടുന്നതിലും വന്‍പരാജയമാണ്. ഹിന്ദുത്വ വര്‍ഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബിജെപിയേക്കാള്‍ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടെയും യത്‌നം. ഈ മൃദുഹിന്ദുത്വ നയം വന്‍ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്ലിംലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാര്‍ട്ടിയാകുമെന്നും കോടിയേരി ചോദിക്കുന്നു.