ലീഗ് ഉറങ്ങുന്ന സിംഹമാണ്, തൊട്ടാൽ ഉണരും, അതാണ് കടപ്പുറത്ത് കണ്ടത്; സിപിഎമ്മിന് ബേജാറെന്ന് പിഎംഎ സലാം
മലപ്പുറം: മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വർഷത്തെ ചരിത്രത്തിൽ അതിന് ആരും വർഗീയത ആരോപിച്ചിട്ടില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വഖഫ് വിഷയത്തിൽ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ് സിപിഎം ഇപ്പോൾ പ്രകോപിതമാകുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ലീഗിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളോട് മലപ്പുറം ലീഗ് ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മുസ്‌ലിംലീഗിന്റെ എഴുപത് വർഷക്കാലയളവില്‍ ആരും ഞങ്ങള്‍ക്കെതിരെ വർഗീയ ആരോപിച്ചിട്ടില്ല. മുസ്‌ലിംലീഗിന്റെ മതേതര നിലപാടിന് പരക്കെ അംഗീകാരം കിട്ടിയിട്ടുണ്ട്. ലീഗ് കേരള സമൂഹത്തിന് പരിചിതമാണ്. മാർക്‌സിസ്റ്റ് പാർട്ടി ഇപ്പോൾ രാഷ്ട്രീയമായ ആരോപണം ഉന്നയിക്കുകയാണ്. മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് മാർക്‌സിസ്റ്റ് പാർട്ടി നടത്തുന്നത്. അതിന് പ്രത്യേക അജണ്ടയുണ്ട്. അത് സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാണ് ഇപ്പോൾ സിപിഎം ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുസ്‌ലിംലീഗിനെ കുറിച്ച് കേരളീയർക്കറിയാം.’ – സലാം പറഞ്ഞു.
‘വഖഫ് വിഷയത്തിൽ ലീഗിന്റെ നിലപാടിൽ എന്ത് വർഗീയതയാണ് ഉള്ളത്. പള്ളികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാൻ ലീഗ് പറഞ്ഞിട്ടില്ല. പള്ളികളിൽ സമരമോ പ്രതിഷേധമോ വേണമെന്ന് ലീഗ് പറഞ്ഞിട്ടില്ല. ബോധവൽക്കരണം നടത്താനാണ് ആവശ്യപ്പെട്ടത്. അതേ അന്നും ഇന്നും പറയുന്നുള്ളൂ. ശരീഅത്ത് വിവാദത്തിലും സിഎഎ, എൻആർസി വിവാദത്തിലും പള്ളികളിൽ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. പള്ളിയിൽ കുഴപ്പമുണ്ടാകുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയിരിക്കുന്നു. അതുവരെ പള്ളിയില്‍ വരാത്തവരൊക്കെ ആ വെള്ളിയാഴ്ച ജുമുഅക്ക് വന്നു. വഖഫ് നിയമം പാസാക്കിയത് മദ്രസയിൽ വച്ചല്ല, നിയമസഭയിൽ വച്ചാണ്. ലീഗും യുഡിഎഫും നിയമത്തെ എതിർത്തിട്ടുണ്ട്. അതിനെ രാഷ്ട്രീയമായി എതിർക്കണം. മാർക്‌സിസ്റ്റ് പാർട്ടി വഖഫിൽ ഇടപെടുമ്പോൾ മതേതരം. അതേക്കുറിച്ച് ലീഗ് പറയുമ്പോൾ വര്‍ഗീയം. അതെങ്ങനെയാണ്?’ – അദ്ദേഹം ചോദിച്ചു.
‘സർക്കാർ ചെയ്ത തെറ്റ് ജനം അറിഞ്ഞിട്ടുണ്ട്. പിടിവാശിയില്ലെന്നാണ് സർക്കാർ പറയുന്നത്. ഒരൊറ്റ സമ്മേളനം ഇത്രമാത്രം സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചില്ലേ. ഇത് ഞങ്ങളുടെ വിജയമാണ്. മോദി ഇന്ത്യയിൽ കളിക്കുന്ന കളി അതിന്റെ ഇരട്ടിയായി പിണറായി കേരളത്തിൽ കളിക്കുകയാണ്. കോവിഡ് പ്രതിരോധത്തിലും പ്രളയത്തിലും ലീഗ് സർക്കാറിനെ സഹായിച്ചിട്ടുണ്ട്. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ് എന്ന് സിഎച്ച് മുഹമ്മദ് കോയ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും തൊട്ടാൽ അത് ഉണരും. അതാണ് കടപ്പുറത്തു കണ്ടത്. ലീഗ് പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരും. സിപിഎമ്മിന് എന്തിനാണ് ഇത്രയും ബേജാറ്. കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചതിന്റെ പേരിൽ പതിനായിരം പേർക്കെതിരെ കേസെടുത്തു. സിപിഎം സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തില്ലേ. അവർക്കെതിരെയും കേസെടുക്കേണ്ടേ? സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല.’ – സലാം കുറ്റപ്പെടുത്തി.