ഹൈക്കോടതി സ്റ്റേയുടെ മറവിൽ കൊള്ള; കുപ്പിവെള്ളം വീണ്ടും 20 രൂപയാക്കി കമ്പനികൾ

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കമ്പനികൾ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സർക്കാർ ഉത്പന്നമായ ‘ഹില്ലി അക്വ” ലിറ്ററിന് 10 രൂപ വിലയ്ക്ക് ലഭിക്കുന്നുണ്ട്.

സർക്കാർ ഉത്തരവ് ഹൈക്കോടതി ബുധനാഴ്ചയാണ് സ്‌റ്റേ ചെയ്തത്. 1986ലെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയായിരുന്നു 2020 മാർച്ചിൽ വില 13 രൂപയാക്കിയത്. കുടിവെള്ളം 1955ലെ കേന്ദ്ര അവശ്യവസ്തു നിയമത്തിന്റെ പരിധിയിലാണ് ഉൾപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിനാണ് വില നിശ്ചയിക്കാൻ അധികാരമെന്നും വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തത്.

വെള്ളം നിറയ്ക്കുന്ന കുപ്പി, ബോട്ടിലുകളുടെ അടപ്പ്, ലേബൽ എന്നിവയുടെ നിർമ്മാണത്തിന് വരുന്ന ചെലവ് ഭീമമാണെന്നും വില കുറച്ചത് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്നുമാണ് കമ്പനികളുടെ വാദം.
ഒരു ലിറ്റർ വെള്ളം വിറ്റാൽ

13 രൂപ നിരക്കിൽ

(12 എണ്ണത്തിന്റെ പായ്ക്കറ്റ്)

കച്ചവടക്കാർക്ക് നൽകുന്നത്‌: 90-100രൂപയ്ക്ക്. (ഒരു കുപ്പിക്ക് 7.50 മുതൽ 8.50 വരെ)
ഒരു കുപ്പിക്ക് വിതരണക്കാരന് ലഭിക്കുന്നത്: 90 പൈസ മുതൽ ഒരു രൂപ വരെ
വില്പനക്കാരന് ലഭിക്കുന്നത്: 4.70 രൂപ

20രൂപ നിരക്കിൽ

(12 എണ്ണത്തിന്റെ പായ്ക്കറ്റ്)

കച്ചവടക്കാർക്ക് നൽകുന്നത്‌: 130 രൂപയ്ക്ക് (ഒരു കുപ്പിക്ക് 10രൂപ 80പൈസ)
ഒരു കുപ്പിക്ക് വിതരണക്കാരന് ലഭിക്കുന്നത്: ഒരു രൂപ 30 പൈസ
വില്പനക്കാരന് ലഭിക്കുന്നത്: 8.30 രൂപ
കമ്പനികൾ ഇന്നലെ മുതൽ വില വർദ്ധിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോടതിയുടെ അന്തിമ തീരുമാനം വരും മുൻപ് വില കൂട്ടി വിറ്റാൽ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമാകും
ജി.ആർ. അനിൽ
ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി

അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചതോടെ കുപ്പിവെള്ളത്തിന്റെ വില ഒരു രൂപ പോലും കുറയ്ക്കാനാകാത്ത സ്ഥിതിയാണ്. വില കുറയ്ക്കാൻ സമ്മർദ്ദമുണ്ടായാൽ നിയമപരമായി നേരിടും.
വിബിൻ പരമേശ്വരൻ,
സെക്രട്ടറി, പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ
മാനുഫാക്‌ചേഴ്‌സ് അസോ.