മലപ്പുറത്തും ഒമിക്രോൺ ബാധ, രോഗി മഞ്ചേരി മെഡിക്കൽ കോളേജിൽ

മലപ്പുറം: കേരളത്തിൽ വീണ്ടും ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. മലപ്പുറത്തെത്തിയ 36 കാരനായ മംഗളൂരു സ്വദേശിയിലാണ് വൈറസ് കണ്ടെത്തിയത്. ഈ മാസം 14ന് ഒമാനിൽ നിന്നുമാണ് ഇയാൾ ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ വച്ച് എടുത്ത ഇയാളുടെ സാംപിളുകളുടെ പരിശോധന റിപ്പോർട്ട് ഇന്നാണ് ലഭിച്ചത്. കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇയാൾ ഒമാനിൽ നിന്നുമെത്തിയത്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിയുന്ന ഇയാൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രോട്ടോക്കോളിന്റെ ഭാ​ഗമായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് ഒമിക്രോൺ അതിവേഗം പകരുകയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി . യു കെയിലെയും ഫ്രാൻസിലെയും വ്യാപനത്തോത് അനുസരിച്ച് ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് കേസുകൾ ഉണ്ടാകുമെന്ന് സർക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിരിക്കുകയാണ്.

യു കെയിലെ വ്യാപനത്തോത് പ്രകാരം ഇന്ത്യയിലും സമാനമായ വ്യാപനമുണ്ടാവുകയാണെങ്കിൽ ജനസംഖ്യയനുസരിച്ച് പ്രതിദിനം പതിനാല് ലക്ഷം വരെ കേസുകൾ ഉണ്ടായേക്കാമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി കെ പോൾ വ്യക്തമാക്കി. ഫ്രാൻസിൽ 65000 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും ഈ തോത് വച്ച് നോക്കുമ്പോൾ ഇന്ത്യയിൽ പ്രതിദിനം പതിമൂന്ന് ലക്ഷം വരെ കേസുകൾ ഉണ്ടാകാമെന്നും വി കെ പോൾ പറഞ്ഞു.