എസ്.ഡി. പി.ഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു.

വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാന്റെ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു. അക്രമി സംഘം ആ കാറിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ആലപ്പുഴ ഡി.വൈ.എസ്‌പി എം. ജയരാജ്, നോർത്ത് സിഐ കെ.പി. വിനോദ്, മണ്ണഞ്ചേരി എസ്‌ഐ കെ.ആർ. ബിജു, മാരാരിക്കുളം എസ്‌ഐ സിസിൽ ക്രിസ്ത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.