തുഞ്ചൻ കോളേജ്‌ അറബിക് വിഭാഗം റൂബി ജൂബിലി ആഘോഷം തുടങ്ങി

തിരൂർ: അന്ത്രാരാഷ്ട്ര അറബിക് ദിനത്തിൽ തുഞ്ചൻ സ്മാരക ഗവൺമെന്റ് കോളേജ്‌ അറബിക് ഗവേഷണ വിഭാഗം റൂബി ജൂബിലി ആഘോഷ പരിപാടികൾ തുടങ്ങി. റൂബി ജൂബിലി പ്രഖ്യാപനവും അറബിക് ദിനാചരണ പ്രഭാഷണവും തിരൂർ എം. എൽ. എ കുറുക്കോളി മൊയ്‌ദീൻ നിർവ്വഹിച്ചു. അറബി ഭാഷയുടെ മഹത്വവും കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു. അറബിക്കിലെ മിടുക്കരായ രണ്ട് വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ ഫാരിഷ നാഫിയ പുരസ്‌കാരങ്ങൾ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികളായ സദീദ, റുഷ്‌ദ ജൂബി എന്നീ വിദ്യാർത്ഥികൾക്ക് എം. എൽ. എ സമ്മാനിച്ചു. അറബിക് വിഭാഗം തലവൻ ഡോ. പി ടി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

കോളേജ്‌ അറബിക് വിഭാഗം ആരംഭിച്ചിട്ട് നൽപ്പതാണ്ട് പൂർത്തിയാവുന്ന ഈ വർഷം ഒരു വർഷം നീണ്ടു നിൽക്കുന്ന നാല്പദിന പരിപാടികളോടെയാണ് റൂബി ജൂബിലി ആഘോഷ പരിപാടികൾ നടക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി അക്കാദമിക് സെഷനുകൾ, സാഹിത്യ – സാംസ്‌കാരിക സദസ്സുകൾ, ദേശീയ അന്തർദേശിയ കലാ മത്സര പരിപാടികൾ, സെമിനാർ സീരീസ്, വിവിധ വിഷയങ്ങളിൽ ശില്പശാലകൾ, ലിറ്ററെറി ഫെസ്റ്റ്, ഫുഡ്‌ ഫെസ്റ്റ്, പുസ്തക പ്രകാശനം തുടങ്ങിയവയാണ് പ്രധാനപരിപാടികൾ. 2022 ഡിസംബർ പതിനെട്ടിനാണ് ജൂബിലി പരിപാടികൾ അവസാനിക്കുക. കോളേജ്‌ പ്രിൻസിപ്പൽ ഡോ. എം. എസ് അജിത് മുഖ്യപ്രഭാഷണം നടത്തി. അറബിക് പിജി ഒന്നാം വർഷ വിദ്യാർത്ഥികൾ ഒരുക്കിയ അറബിക് വാൾ പേപ്പർ കോളേജ്‌ മുൻ പ്രിൻസിപ്പൽ പ്രൊഫ. വി പി. ബാബു പ്രകാശനം ചെയ്തു. ചടങ്ങിൽ മെഹർഷ കളരിക്കൽ, രാജൻ എം. എസ്, ഡോ. ജാഫർ സാദിഖ്, ഡോ. അബ്ദുൽ ജലീൽ, ഡോ. അബ്ദുൽ ലത്തീഫ്, ഡോ. മുഹമ്മദ്‌ ചെനാടൻ, ഡോ. അബ്ദുള്ള കോയ തങ്ങൾ, ഡോ. ഹിലാൽ കെ. എം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.