ബേബി സൽമാൻ പാട്ടെഴുതി: ഒടുവിൽ പുസ്തകവുമെഴുതി
ജിത്തു തിരൂർ
മലപ്പുറം : മൂന്നു മക്കളുടെ അമ്മയായി വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നതിനിടെ എഴുത്തിനും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനും സമയം കണ്ടെത്തി വീട്ടമ്മ.പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കിയും വിവിധ തരം കേക്കുകൾ നിർമ്മിച്ചും ആൽബങ്ങൾക്ക് പാട്ടെഴുതിയും ഫാഷൻ ഡിസൈനിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ശ്രദ്ധേയയായ മലപ്പുറം മേൽമുറി സ്വദേശി
കെ ബേബി സൽമാൻ ‘പെയ്തൊഴിഞ്ഞ മഴ, എന്ന ലഘു നോവലും എഴുതി പ്രസിദ്ധീകരിച്ചു.

എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള മലപ്പുറം മേൽമുറി സ്വദേശി 35 വയസ്സുകാരി കെ ബേബി സൽമാൻ പ്രസാധകരായ ഗ്രീൻ ബുക്സിന്റെ പിന്തുണയോടെയാണ് തന്റെ ആദ്യ പുസ്തകം പുറത്തിറക്കിയത്. മേൽമുറി മാരിയാട് കൈനിക്കര കുഞ്ഞാണിയുടെയും ലൈയുടെയും മകളായ ബേബി ഭർത്യമാതാവ് ഖദീജയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയോടെയാണ് സ്വന്തമായി പുസ്തകം എഴുതി പ്രസിദ്ധീകരിച്ചത്. അറവങ്കര ഹൈസ്കൂളിലാണ ബേബി സൽമാൻ എട്ടാം ക്ലാസ് വരെ പഠിച്ചത്. പിന്നീട് പല വിധ കാരണങ്ങളാൽ പഠനം തുടരാനായില്ല. എങ്കിലും വായനയോടും എഴുത്തിനോടുള്ള അഭിനിവേശം ബേബി കൈവിട്ടില്ല. അങ്ങനെ 2009ലാണ് ബേബി സൽമാൻ ആദ്യമായി സർഗാതമക രചന തുടങ്ങുന്നത്. ആദ്യമായി എഴുതിയ ‘മുഹൂർത്തം’ എന്ന നോവൽ പ്രസിദ്ധീകരിക്കാനായില്ല. എങ്കിലും മനസ് മടുക്കാതെ പിന്നെയും എഴുതി. ഒടുവിൽ ഭർത്താവ് സൽമാൻ ഹാരിസിന്റെ മാതാവും കുടുംബാംഗങ്ങളും പ്രചോദനവും പിന്തുണയും നൽകിയതോടെ ‘പെയ്തൊഴിഞ്ഞ മഴ, എഴുതാൻ തുടങ്ങുകയായിരുന്നുവെന്ന് ബേബി സൽമാൻ പറഞ്ഞു. ഇവരുടെ എഴുത്തു ജീവിതത്തിന് മക്കളായ ഷനാൻ ആഷിഖിന്റെയും എബി ഷാദി ലിന്റെയും സിയയുടെയും പിന്തുണയുമുണ്ട്. ‘പെയ്തൊഴിഞ്ഞ മഴ, യുടെ പ്രമേയം ഹ്രസ്വ ചിത്രമാക്കാനും ആലോചനയുള്ളതായി ബേബി സൽമാൻ പറഞ്ഞു.