Fincat

അമ്മയിലെ തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഔദ്യോഗിക പാനലിന് തിരിച്ചടി

കൊച്ചി: താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഓദ്യോഗിക പാനലിന് തിരിച്ചടി. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്.

1 st paragraph

ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തും.

2nd paragraph

പതിനൊന്ന് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്.

ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തി. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മത്സരിച്ച നാസർ ലത്തീഫ് പരാജയപ്പെട്ടു.

കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളി മണിയൻ പിള്ള രാജുവും ലാലും അടക്കം നാല് പേർ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ സിദ്ധീഖ് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലെ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനെതിരെ മണിയൻ പിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് ഫലങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റിനെകുറിച്ച് നടൻ സിദ്ദിഖും മണിയൻപിള്ള രാജുവും വിശദീകരണങ്ങൾ നൽകി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സിദ്ദിഖും പരാമർശങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗം മാത്രമായിരുന്നെന്ന് മണിയൻപിള്ള രാജുവും വ്യക്തമാക്കി. ഔദ്യോഗിക പാനൽ മത്സരിക്കുന്നുണ്ടെന്ന കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റിലുണ്ടായിരുന്നത്. എന്നാൽ പോസ്റ്റിലൂടെ എതിർ സ്ഥാനാർത്ഥികളെ വിമർശിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം. അമ്മയിൽ മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയെന്നും താരം അഭിപ്രായപ്പെട്ടു.

ഔദ്യോഗിക പാനലിനെതിരെയായിരുന്നു മണിയൻപിള്ള രാജു മത്സരിച്ചത്.സാധാരണഗതിയിൽ അമ്മയിൽ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങൾ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും മത്സരമ നടന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ ഇക്കുറിയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും, ട്രഷറായി സിദ്ദിഖിനും എതിരാളികളില്ലായിരുന്നു.