വിശ്വരൂപം പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ്,​ മുംബയ് സിറ്റിയ്‌ക്കെതിരെ തകർപ്പൻ ജയം

മ‌‌ഡ്‌ഗാവ് : ഐ.എസ്.എല്ലില്‍ മുംബയ് സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. പോയിന്റ്. പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബയ് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് 27-ാം മിനിട്ടിൽ സഹല്‍ അബ്ദുള്‍ സമദിലൂടെയാണ് ആദ്യഗോൾ നേടിയത്. ജോര്‍ജ് ഡയാസ് ബോക്‌സില്‍ നിന്ന് ലോബ് ചെയ്ത നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സഹല്‍ ഉഗ്രനൊരു വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. ജീക്‌സണ്‍ സിംഗ് നല്‍കിയ പാസില്‍ നിന്ന് ഉഗ്രനൊരു വോളിയിലൂടെയായിരുന്നു വാസ്‌ക്വസിന്റെ ഗോള്‍. .പിന്നാലെ 50-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട മുര്‍ത്താത ഫാളിന് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചത് മുംബൈക്ക് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരുമായാണ് മുംബയ് മത്സരം പൂര്‍ത്തിയാക്കിയത്. എങ്കിലും ആ അവസരം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ജോര്‍ജ് ഡയാസിനെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഈ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും ചെയ്തു.51-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് ഡയാസ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. വാസ്‌ക്വസാണ് ഹീറോ ഓഫ് ദ മാച്ച്.