മയക്കുമരുന്ന് പിടിക്കുന്നവർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം
തിരുവനന്തപുരം: മയക്കുമരുന്ന് പിടിക്കുന്ന ഉദ്യോഗസ്ഥർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥന് ഒരു കേസിൽ ഒരുലക്ഷം രൂപവരെയും വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. ഇതിനായി സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപവത്കരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
പാരിതോഷികം തീരുമാനിക്കാൻ രണ്ട് സമിതികൾക്ക് രൂപംനൽകും. ഒരു ഉദ്യോഗസ്ഥന് പരമാവധി 30,000 രൂപയും വിവരം നൽകുന്നവർക്ക് പരമാവധി 60,000 രൂപയും നൽകാൻ ഏകാംഗസമിതിക്ക് തീരുമാനിക്കാം. ജോയന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനായിരിക്കണം ഇത്.
ഉദ്യോഗസ്ഥന് മുപ്പതിനായിരം രൂപമുതൽ ഒരു ലക്ഷം രൂപവരെയും വിവരംനൽകുന്നവർക്ക് 60,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെയും പാരിതോഷികം നൽകുന്നത് തീരുമാനിക്കുക രണ്ടംഗ സംസ്ഥാനസമിതിയാണ്. ജോയന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥരാണ് ഈ സമിതിയിലെ അംഗങ്ങൾ. ഉദ്യോഗസ്ഥരുടെ മനോവീര്യം ഉയർത്താനാണ് പാരിതോഷികം നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു.