പോത്തൻകോട് സുധീഷ് വധം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാളെ തിരഞ്ഞ് പോയ വള്ളംമറിഞ്ഞ് പൊലീസുകാരൻ മരിച്ചിരുന്നു. ഉണ്ണി, ശ്യാം, രാജേഷ്, എന്നിവരാണ് സുധീഷ് വധക്കേസിലെ മുഖ്യപ്രതികൾ. ഉണ്ണിയേയും ശ്യാമിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുധീഷിന്റെ ഭാര്യാ സഹോദരനാണ് ശ്യാം.
ഡിസംബർ 11നാണ് സുധീഷ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറി ആക്രമിച്ച ശേഷം അക്രമിസംഘം സുധീഷിന്റെ ഇടതുകാൽ വെട്ടിയെടുത്ത്, ബൈക്കിൽ അര കിലോമീറ്റർ അപ്പുറം കല്ലൂർ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് കാൽ റോഡിൽ വലിച്ചെറിയുകയായിരുന്നു. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു സുധീഷ്. വധശ്രമക്കേസില്‍ ഒളിവിലിരിക്കെയാണ് ഇയാൾ കൊല്ലപ്പെട്ടത്.