കെ റെയിൽ ജനങ്ങളുടെ ആശങ്ക; ഇ. ടി. മുഹമ്മദ് ബഷീർ എം. പി യുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ഭൂപീന്ദർ യാദവിന് നിവേദനം നൽകി.
ന്യൂഡൽഹി: കെ റെയിൽ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി യുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഭൂപീന്ദർ യാദവിനെ കണ്ടു നിവേദനം നൽകി. പദ്ധതിയുടെ പരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളും ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കഷ്ട നഷ്ടങ്ങളും ആശങ്കാജനകമാണെന്ന് സംഘം ചൂണ്ടിക്കാട്ടി.
550 ലേറെ കിലോ മീറ്റർ നീളത്തിൽ 11 ജില്ലകളിലൂടെ കടന്നു പോകുന്ന ഈ പദ്ധതിയിലൂടെ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാകാൻ പോകുന്നതെന്ന് സംഘം മന്ത്രിയോട് വിശദീകരിച്ചു. ഇരുപതിനായിരത്തിലധികം കുടുംബങ്ങൾ വഴിയാധാരമാകുമെന്നും, അമ്പതിനായിരത്തിലധികം കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വരുകയും ചെയ്യും.
കേന്ദ്ര ഗവണ്മെന്റിന്റെ അനുമതി ലഭിക്കുന്നതിനു മുൻപ് തന്നെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചു നിഷേധാത്‍മക നിലപാടാണ് ഇക്കാര്യത്തിൽ കേരള ഗവണ്മെന്റ് എടുത്തിട്ടുള്ളെതന്നും സംഘം മന്ത്രിയെ ധരിപ്പിച്ചു.
ഇ. ടി മുഹമ്മദ് ബഷീർ എം. പി യെ കൂടാതെ, കെ പി. എ. മജീദ് എം എൽ എ, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ, അബ്ദുൽ സലാം തുടങ്ങിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.