രഞ്ജിത്ത് വധക്കേസ്: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
ആലപ്പുഴ: വെള്ളക്കിണറിൽ ഓ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ പിടിയിലായതായി സൂചന. ഇവർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ബൈക്കും പോലീസ് കണ്ടെത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ പിടിയിലായതെന്ന് വ്യക്തമല്ല.

അതേസമയം, ആലപ്പുഴ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി. 22ാം തീയതി രാവിലെ ആറുവരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 18ാം തീയതി വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ 19ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നു.
തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ടായിരുന്നു.