വിവാഹ പ്രായം വ്യക്തിനിയമത്തിലുള്ള കൈകടത്തല്‍: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തിനിയമനത്തിലുള്ള കൈകടത്തലാണെന്നും ഇതിനെ നഖശിഖാന്തം എതിര്‍ക്കാതെ തരമില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ മതേതര പാര്‍ട്ടികളുമായി യോജിച്ചും, സാമൂഹ്യ, സാംസ്‌കാരിക വേദികളില്‍ പ്രചരണം നടത്തിയും രാഷ്ട്രീയമായി എതിര്‍ക്കാനാണ് ദേശീയ കമ്മിറ്റി യോഗം തീരുമാനിച്ചത്. നിയമപോരാട്ടത്തിന്റെ സാധ്യതയും പരിശോധിക്കും. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സില്‍ നിന്നും 21 ആക്കുന്നത് പ്രായോഗിക വിഷമങ്ങളും സാമൂഹ്യ അരക്ഷിതാവസ്ഥയുമുണ്ടാക്കും. ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ യോജിച്ചാണ് മുന്നോട്ട് പോകുന്നത്. നേരത്തെ പൗരത്വ നിയമം നടപ്പിലാക്കുന്നതില്‍ നിന്നും പിന്നോക്കം പോയത് പോലെ ഇതിലും സര്‍ക്കാരിന് പരാജയം നേരിടും. ഇത് മുസ്‌ലിംകളെ മാത്രമായി ബാധിക്കുന്ന വിഷയമല്ല. മൗലികാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ മേലുള്ള കടന്ന് കയറ്റമാണ്. ഒരു വിഭാഗം മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നത് വിഭാഗീയതയുണ്ടാക്കാനാണ്. ഏത് നിയമം കൊണ്ടുവരുമ്പോഴും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ അതിന് ശ്രമിക്കാറുണ്ട്. ഇതില്‍ വ്യക്തി നിയമത്തിന്റെ പ്രശ്‌നമുണ്ട്. ന്യൂനപക്ഷങ്ങളെുടെ അവകാശങ്ങളുടെ മേലുള്ള കൈകടത്തലാണ്. മറ്റു സമുദായങ്ങള്‍ക്കും നിയമം ബുദ്ധിമുട്ടുണ്ടാക്കും.


കേരളത്തില്‍ തുടരെ വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിച്ച് അക്രമ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകുന്ന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. ഒന്നിന് പുറകെ ഒന്നായി നടന്ന് കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍കൂട്ടി കാണാനോ തടയാനോ പൊലീസിന് കഴിയുന്നില്ല ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും തീവ്രവാദവും ആയുധമെടുക്കലും രീതിയാക്കിയ സംഘടനകളെ സ്ഥാനത്തും അസ്ഥാനത്തും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണ് ഇത്. മുസ്‌ലിംലീഗ് ഈ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. കാലാകാലങ്ങളായി ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടി എതിര്‍ത്തിട്ടുണ്ട്. പ്രചരണം നടത്തിയിട്ടുണ്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളം വ്യത്യസ്തമായി നിലകൊണ്ടിരുന്നത് മുസ്‌ലിം ലീഗിന്റെ സാന്നിദ്ധ്യം കൊണ്ട് കൂടിയാണ്. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് പറയുമ്പോഴും മതേതരത്വം സൗഹൃദവും കാത്തുസൂക്ഷിച്ചാണ് മുസ്‌ലിംലീഗ് കാലാകാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത്. മതേതരത്വം പ്രചരിപ്പിക്കുകയും മതവിശ്വാസങ്ങളും മറ്റ് അവകാശങ്ങളെ കുറിച്ചും ഉറക്കെ പറയുകയും ചെയ്യുന്നതാണ് പാര്‍ട്ടിയുടെ രീതി. വിഭായീത പടര്‍ത്തുന്ന സംഘടനകളെ മുസ്‌ലിംലീഗ് ഒരുകാലത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല. അത്‌കൊണ്ടാണ് ബി.ജെ.പി ആര്‍.എസ്.എസ് ശക്തിപ്രാപിക്കാതിരുന്നതും, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത്തരം സംഘടനകള്‍ക്ക് സ്വാധീനമില്ലാതിരുന്നതും. രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയിടാന്‍ പൊലീസ് നടപടി സ്വീകരിക്കണം. നാട്ടില്‍ സമാധാനമുണ്ടാകാന്‍ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണം.


കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ യു.ഡി.എഫ് എടുത്ത തീരുമാനത്തിനൊപ്പമാണ് മുസ്‌ലിംലീഗ് നില്‍ക്കുന്നത്. കെ റെയില്‍ വിഷയങ്ങളില്‍ ചര്‍ച്ച വേണം. പാരിസ്ഥിതിക ആഘാതം, ആളോഹരിയുണ്ടാകാന്‍ പോകുന്ന കടം, ഫീസിബിലിറ്റി എന്നിവയില്‍ ചര്‍ച്ചകള്‍ വേണം. പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളുടെ ഗൗരവം ആലോചിക്കാതെ തള്ളിക്കളയുന്ന രീതിയാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ എടുത്ത തീരുമാനവും ആവശ്യമില്ലാത്ത നിയമമാണ്. എതിര്‍പ്പുമായി തന്നെ മുസ്‌ലിംലീഗ് മുന്നോട്ട് പോകും. പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കും.