ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർ വീണ്ടും വേണ്ട, പുനഃസംഘടനാ കരട് മാനദണ്ഡമായി
തിരുവനന്തപുരം: ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർക്ക് പുനർനിയമനം നൽകരുതെന്ന് പുനഃസംഘടന സംബന്ധിച്ച കരട് മാനദണ്ഡത്തിൽ നിർദ്ദേശം. തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, ഉപാദ്ധ്യക്ഷന്മാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ എന്നിവരെയും ഭാരവാഹികളാക്കില്ല. കരട് മാനദണ്ഡങ്ങൾ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും നിയമനത്തിനായി കെ.പി.സി.സി മുന്നോട്ടുവച്ചു.
മുൻനിര നേതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷം ആവശ്യമെങ്കിൽ ഭേദഗതി വരുത്തും. തുടർന്ന് രണ്ട് ദിവസത്തിനകം മാനദണ്ഡം അന്തിമമാക്കും. അതിനുശേഷം ഡി.സി.സികളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാർ അതത് ജില്ലകളിലെത്തി ഡി.സി.സി അദ്ധ്യക്ഷന്മാർക്കൊപ്പം മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്‌ത് ഒരാഴ്ചയ്‌ക്കകം ഭാരവാഹിപ്പട്ടിക അന്തിമമാക്കും. അതിന് ശേഷം ഔദ്യോഗികമായി ഭാരവാഹികളെ കെ.പി.സി.സി പ്രഖ്യാപിക്കും.
അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും ജോലിയുള്ളവരെ ഡി.സി.സി ഭാരവാഹിത്വത്തിലും ബ്ലോക്ക് പ്രസിഡന്റ് പദവിയിലും പരിഗണിക്കരുതെന്ന നിർദ്ദേശവും കരടിലുണ്ട്. അവരെ നിയോഗിച്ചാൽ പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുമെന്നും കാര്യക്ഷമതയുണ്ടാകില്ലെന്നുമാണ് വിലയിരുത്തൽ. എന്നാൽ സഹകരണസംഘം ഭാരവാഹികളെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശമില്ല.
ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാരും ഡി.സി.സി പ്രസിഡന്റുമാരും പങ്കെടുത്ത യോഗം കഴിഞ്ഞ വെള്ളിയാഴ്ച ചേർന്നിരുന്നു. യോഗത്തിൽ വ്യത്യസ്ത അഭിപ്രായമുയർന്നതോടെ കരട് തയാറാക്കാനായി കെ.പി.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് തയ്യാറാക്കിയ കരട് മാനദണ്ഡത്തിന്റെ പകർപ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കൈമാറിയിട്ടുണ്ട്.
വയനാട്, കാസർകോട്, ഇടുക്കി, പത്തനംതിട്ട എന്നീ ചെറിയ ജില്ലകളിൽ ഡി.സി.സി നേതൃത്വത്തിൽ പ്രസിഡന്റിന് പുറമേ 15 പേരെയും മറ്റ് ജില്ലകളിൽ 26 പേരെയും ഭാരവാഹികളാക്കാനാണ് ധാരണ.
- ഭാരവാഹികളിൽ പകുതിയും പുതുമുഖം
- പുതിയ ഡി.സി.സി ഭാരവാഹികളിൽ പകുതിപ്പേരെങ്കിലും പുതുമുഖങ്ങളാകണം.
- ഭാരവാഹികളിൽ ചുരുങ്ങിയത് രണ്ട് വനിതകളുണ്ടാകണം.
- ഒരാളെങ്കിലും പട്ടികജാതി-വർഗത്തിൽ നിന്നുള്ളയാളാകണം.
- കഴിവും ജനകീയാംഗീകാരവും ഭാരവാഹിത്വത്തിന് മുഖ്യ മാനദണ്ഡം
- ദുഷ്പ്പേരുള്ളവരെയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നവരെയും പരിഗണിക്കരുത്.
- ഒരാൾക്ക് ഒരു പദവി വ്യവസ്ഥ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ കർശനമായി നടപ്പാക്കണം.