രൺജീത് ശ്രീനിവാസന്റെ കൊലപാതകം: അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; നിരോധനാജ്ഞ 23 വരെ നീട്ടി; സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷിയോഗം
ആലപ്പുഴ: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരിയിൽ നിന്ന് ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 23 വരെ നീട്ടി. ക്രിമിനൽ നടപടിക്രമം 144 പ്രകാരം 23ന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇരട്ട കൊലപാതക കേസുകളിൽ പ്രതികൾക്ക് വേണ്ടി നടത്തുന്ന അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ആലപ്പുഴ ജില്ലയിലെ 260 വീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ആർഎസ്എസ്-എസ്ഡിപിഐക്കാരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. പരിശോധന തുടരാൻ തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഇന്ന് ചേർന്ന സർവകക്ഷിയോഗം രണ്ടു കൊലപാതകങ്ങളെയും ശക്തമായി അപലപിച്ചിരുന്നു. രണ്ടു കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ല. സംഭവങ്ങളുടെ തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനും സമാധാനവും ഐക്യവും ഉറപ്പാക്കാനും എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തണം. പരാതികളുണ്ടെങ്കിൽ അത് പ്രകോപനത്തിന് ഇടയാക്കാതെ ജില്ലാ ഭരണകൂടത്തെയോ മന്ത്രിമാരെയോ എംഎൽഎമാരെയോ അറിയിക്കണം. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളും സഹകരിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികൾ വെട്ടിക്കൊന്നത്. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ വാതിലിൽ മുട്ടിയ അക്രമികൾ വാതിൽ തുറന്നയുടൻ വെട്ടിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ ഒരുസംഘം വെട്ടിക്കൊന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു രഞ്ജിത് വധവും.