25 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; പൊന്നാനി സ്വദേശി അറസ്റ്റില്‍
മലപ്പുറം: 500 കോടിയുടെ വ്യാജ ബില്‍ നിര്‍മ്മിച്ച് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മലപ്പുറം പൊന്നാനി അയലക്കാട് സ്വദേശി ബനീഷ് ആണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ പിടിയില്‍ ആയത്.

കര്‍ഷകരില്‍ നിന്നും മൊത്തമായി വാങ്ങുന്ന അടയ്ക്കക്ക് തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ വ്യാജ ബില്ലുകള്‍ തയ്യാറാക്കി, ഈ ബില്ലുകളില്‍ ചരക്ക് സേവന നികുതി അടച്ചതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ്. ഇത്തരത്തില്‍ അടച്ചതായി കാണിച്ച തുക കിഴിച്ചാണ് വീണ്ടും വില്‍പ്പന നടത്തുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടത്.
വില്പന വിലയുടെ അഞ്ച് ശതമാനമാണ് അടക്കയുടെ ജിഎസ്ടി. കര്‍ഷകരില്‍ നിന്നും വാങ്ങുന്ന അടയ്ക്കക്ക് വന്‍ തുക വ്യാജ ബില്ലില്‍ രേഖപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ സംഭരിച്ച അടക്ക മൊത്ത കച്ചവടം നടത്തുമ്പോള്‍ നല്‍കേണ്ട നികുതിയില്‍ വന്‍തോതില്‍ കിഴിവ് ലഭിക്കും. 25 കോടി രൂപ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തിയത്.
വ്യവസ്ഥകള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ജിഎസ്ടി രജിസ്‌ട്രേഷന്‍ സംബന്ധിച്ച ഇളവുകള്‍ നല്‍കിയിരുന്നു. ഈ പഴുത് മുതലെടുത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചാണ് ബില്‍ തയ്യാറാക്കിയിരുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപകമായി ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി ജിഎസ്ടി ഇന്റലിജന്‍സ് പറയുന്നു.