പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം, 25,000 രൂപ കോടതിച്ചെലവ് നൽകാനും ഉത്തരവ്
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്‌ക്കിരയായ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് എട്ടു വയസുകാരി പിതാവ് മുഖേന നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് വിധി. പൊലീസിന്റെ നടപടി പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.
ഉദ്യോഗസ്ഥയ്ക്കെതിരെ ജില്ലാ പൊലീസ് മേധാവി നിയമപരമായ അച്ചടക്ക നടപടിയെടുക്കണം. അതുവരെ അവരെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് മാറ്റി നിറുത്തണമെന്നും പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന വിധം ജനങ്ങളുമായി ഇടപെടാൻ പരിശീലനം നൽകണമെന്നും വിധിയിൽ പറയുന്നു.
ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് രജിത കുട്ടിയെ അപമാനിച്ചത്. ഫോൺ പിന്നീട് പിങ്ക് പൊലീസിന്റെ കാറിൽ നിന്ന് കണ്ടെടുത്തു. പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ചാണ് പെൺകുട്ടി പിതാവു മുഖേന ഹർജി നൽകിയത്.
എന്നാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. പെൺകുട്ടിയുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടില്ലെന്നും ആളുകൾ കൂടിയതുകൊണ്ടാണ് സംഭവസ്ഥലത്ത് കുട്ടി കരഞ്ഞതെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഈ വാദം വിചിത്രമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഇന്നലെ വാദം കേൾക്കുന്നതിന് മുമ്പും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. സംഭവത്തിൽ കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായെന്ന ഡോക്ടറുടെ റിപ്പോർട്ടും പരിഗണിച്ചു. ഉദ്യോഗസ്ഥ കുട്ടിയോടും പിതാവിനോടും ക്ഷമാപണം നടത്തിയെങ്കിലും അവർ അതു സ്വീകരിച്ചിരുന്നില്ല. രജിതയുടെ ഭർത്താവിന് ഗൾഫിലെ ജോലി നഷ്ടമായെന്നതും മൂന്നു മക്കളുടെ അമ്മയാണെന്നതും കോടതി പരിഗണിച്ചു.