ഭിന്നശേഷിക്കാരനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി
നിലമ്പൂർ: ഭിന്നശേഷിക്കാരനായ 52കാരനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. പോത്തുകല്ല് നെട്ടിക്കുളം കളരിക്കൽ കെ.പി.തോമസ് കുട്ടിയാണ് (പൊന്നൻ52) പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ശാരീരികാസ്വാസ്ഥ്യവും മൂത്ര തടസ്സവും അനുഭവപ്പെട്ട ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, തോമസ് കുട്ടിയെ മർദിച്ചിട്ടില്ലെന്നും ഇയാൾ മദ്യലഹരിയിൽ അസഭ്യം പറഞ്ഞെന്ന് പൊലീസ് ആരോപിച്ചു.

അസമയത്ത് റോഡരികിൽ കണ്ടപ്പോൾ വിവരം അന്വേഷിക്കുക മാത്രമാണു ചെയ്തതെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന ഇയാൾ അസഭ്യം പറയുകയും ടോർച്ച് പിടിച്ചു വാങ്ങി കേടുവരുത്തിയെന്നും പൊലീസ് പറയുന്നു. 21ന് രാത്രി 11 ന് ആണ് സംഭവം. അരയ്ക്ക് താഴോട്ട് തളർന്ന തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായാണ് തോമസിന്റെ ആരോപണം.
മകൻ ഉൾപ്പെട്ട കാരൾ സംഘത്തെ കാത്ത് വീടിനു സമീപം മുച്ചക്ര വാഹനത്തിൽ ഇരിക്കുമ്പോഴാണ് പൊലീസ് ഉപദ്രവിച്ചത്. പൊലീസ് ജീപ്പിലെത്തിയ തണ്ടർ ബോൾട്ടിന്റെ യൂണിഫോം ധരിച്ച രണ്ട് പേർ എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു. മകനെ കാത്തിരിക്കുകയാണെന്ന് മറുപടി നൽകിയപ്പോൾ ടോർച്ച് കൊണ്ടു തലയ്ക്കടിച്ചുവെന്നു തോമസ് കുട്ടി പറയുന്നു. തലയുടെ വശത്താണ് കൊണ്ടത്. ടോർച്ച് നിലത്ത് വീണു കേടായതിനാൽ ജീപ്പിൽ നിന്ന് ലാത്തിയെടുത്ത് വന്ന് വീണ്ടും മർദിച്ചു. വാഹനത്തിൽ നിന്ന് നിലത്ത് വീണപ്പോൾ ചവിട്ടി.
ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ അയൽവാസിയാണു പൊലീസിനെ പിന്തിരിപ്പിച്ചത്. പുറത്ത് ലാത്തിയടിയേറ്റ പാടുകളുണ്ട്. മൂത്രം പരിശോധിച്ചപ്പോൾ രക്തത്തിന്റെ അംശം കണ്ടെത്തിയതായി തോമസ് കുട്ടി പറഞ്ഞു. 12 വർഷം മുൻപ് വീഴ്ചയിൽ നട്ടെല്ലിനു ക്ഷതമേറ്റാണ് തോമസ് കുട്ടിയുടെ അരയ്ക്കു താഴെ ചലന ശേഷി നഷ്ടപ്പെട്ടത്.