കൊലയാളികൾ കേരളം വിട്ടു; ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്
ആലപ്പുഴ: ഇരട്ടക്കൊലപതാക കേസിലെ പ്രതികൾ കേരളം വിട്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരെയും ഉടൻ പിടികൂടും. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും എ ഡി ജി പി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതികൾ മൊബൈൽ ഫോൺ ഒഴിവാക്കി സഞ്ചരിക്കുന്നതാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്. അന്വേഷണ സംഘം അവരുടെ പിന്നാലെ തന്നെയുണ്ട്. ഗൂഢാലോചന സംബന്ധിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും എ ഡി ജി പി അറിയിച്ചു.
ഇതൊരു ‘ക്യാറ്റ് ആൻഡ് മൗസ് ഗെയിം’ ആണ്. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എല്ലാ വിവരങ്ങളും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ സംശയം തോന്നിയ 250ലധികം വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്തു.
ബി ജെ പി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് എസ് ഡി പി ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകരെയും പിടികൂടി. ഇവർ കൃത്യം ആസൂത്രണം ചെയ്തവരും കൊലയാളികൾക്ക് സഹായം ചെയ്തവരുമാണ്.