പി വി അൻവർ എംഎൽഎ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ കൂടുതല്‍ സാവകാശം തേടി താമരശേരി ലാൻഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം തള്ളിയാണ് കോടതിയുടെ നിർദ്ദേശം.

ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവിട്ടു. പി.വി. അൻവർ എം.എൽ.എയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് കോടതി അലക്ഷ്യ ഹർജി നൽകിയത്.