യുഎഇയിൽ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക്

അബുദാബി: നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി യുഎഇയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ച ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്കുണ്ട്. അതേസമയം യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഷെഡ്യൂൾ അനുസരിച്ച് സർവീസ് തുടരും.

ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുമായി കൂടിയാലോചിച്ച് ദേശീയ അടിയന്തര ദുരന്ത നിവാരണ അഥോറിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബർ 25 ശനിയാഴ്ച രാത്രി 7.30 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇതോടെ യുഎഇയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയി.

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാറ്റീനി, സിംബാബ്വെ, ബോട്സ്വാന, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നു.