സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി സഹോദരി
മലപ്പുറം: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി പ്രായപൂർത്തിയാകാത്ത സഹോദരി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനോടുള്ള പക തീർക്കാൻ തന്ത്രം മെനഞ്ഞത്.
സ്ഥിരമായി മൊബൈൽ ഉപയോഗിച്ചിരുന്ന പെൺകുട്ടി സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് സഹോദരൻ വിലക്കിയപ്പോൾ അത് പകയായി മാറുകയായിരുന്നു. സഹോദരൻ പലവട്ടം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പെൺകുട്ടി ചൈൽഡ് ലൈൻ മുഖേന പരാതി നൽകുകയായിരുന്നു. ഇവർ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎസ്പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അന്വേഷണം ആരംഭിച്ചു.
യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം തെളിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നു വ്യക്തമായതോടെ മനഃശാസ്ത്ര കൗൺസലിങ് നടത്തി. അതോടെ പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി.