കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി വാഹനങ്ങള്‍ പൊളിച്ച് കടത്തിയ 5 പേര്‍ പിടിയില്‍
കോട്ടക്കല്‍: പൊലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുകയും ചെയ്ത അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വേങ്ങരയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍ (21), മുരുകന്‍(42), ചിതമ്പരന്‍ (23), കരുമ്പില്‍ കൂര്‍മത്ത് മുഹമ്മദ് ശാഫി(40), വേങ്ങര മരുത്തോടിക മുജീബുര്‍റഹ്മാന്‍(55) എന്നിവരാണ് പിടിയിലായത്. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നാണ് പ്രതികള്‍ ഉപകരണങ്ങള്‍ മോഷ്ടിച്ചത്.
എസ് ഐ മുരളീധരപ്പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മൂക്കിന് താഴെ നടന്ന മോഷണം പൊലീസ് അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. സ്റ്റേഷന് സമീപത്ത് സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുര്‍ന്നാണ് പൊലീസ് പ്രതികളെ പൊക്കിയത്. ഗുഡ്സ് ഓട്ടോറിക്ഷകളിലായാണ് തൊണ്ടി മുതല്‍ കടത്തിയിരുന്നത്. ഈ വാഹനങ്ങളുടെ രണ്ട് ഡ്രൈവര്‍മാരും പിടിയിലായി.
കോട്ടക്കല്‍, തിരൂരങ്ങാടി പൊലീസ് പിടികൂടിയ വാഹനങ്ങളാണ് വില്‍പന നടത്താനായി സംഘം പൊളിച്ചു കടത്തിയിരുന്നത്. തൊണ്ടിമുതലും ഗുഡ്സ് ഓട്ടോകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്.ഐ മുരളീധരന്‍ പിള്ള, എസ്.ഐ സുബ്രഹ്മണ്യന്‍, എ.എസ്.ഐ അന്‍വര്‍ സാദത്ത്, സി.പി.ഒ സജുമോന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് സൂചന. പ്രതികളെ കോടതിയില്‍ ഹാജരാക്കി.