പരമാവധി ആളുകള്‍ക്ക് പട്ടയം നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.രാജീവ്
പറവൂര്‍: പരമാവധി ആളുകള്‍ക്ക് പട്ടയം ലഭ്യമാക്കുവാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കണയന്നൂര്‍, പറവൂര്‍ താലൂക്കുകളിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പത്തടിപ്പാലം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ലഭിച്ച അപേക്ഷകളില്‍ നിന്നു നല്‍കാന്‍ കഴിയുന്നിടത്തോളം പട്ടയങ്ങള്‍ നല്‍കും. രണ്ടു താലൂക്കുകളിലേയും പുഴപുറമ്പോക്ക്, റെയില്‍വേയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കേണ്ടതുണ്ട്. മറ്റ് അപേക്ഷകളില്‍ ഉദ്യോഗസ്ഥതലത്തില്‍ നടപടികള്‍ എടുക്കുവാന്‍ മന്ത്രി നിര്‍ദേശിച്ചു. ഒരു ചര്‍ച്ചകൂടി നടത്തിയിട്ട് പട്ടയമേള സംഘടിപ്പിച്ച് പരമാവധി പേര്‍ക്ക് പട്ടയങ്ങള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ ടി.ജെ വിനോദ് എംഎല്‍എ, ഡെപ്യൂട്ടി കളക്ടര്‍മാരായ പി.ബി സുനിലാല്‍, സന്ധ്യാ ദേവി, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്, പറവൂര്‍ തഹസിദാര്‍ ജി.വിനോദ്കുമാര്‍, കണയന്നൂര്‍, പറവൂര്‍ താലൂക്ക് പരിധിയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.