മുഖ്യമന്ത്രി ലീഗിനെതിരെ നടത്തുന്നത് കൊലവിളി: പി.എം.എ സലാം
മലപ്പുറം: മുഖ്യമന്ത്രി മുസ്‍ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണമെന്നും പി.എം.എ സലാം പറഞ്ഞു.

ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത് കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ്. കഴിഞ്ഞ 20 ദിവസമായി ലീഗിന് നേരെ കൊലവിളി നടത്തുകയാണ് മുഖ്യമന്ത്രി. ഒരു സമ്മേളനം ഇത്രമാത്രം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു സമ്മേളനത്തിന് ഇത്രമാത്രം ആഘാതമുണ്ടാക്കാന്‍ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. വഖഫ് റാലി ന്യായമായ ആവശ്യം മുന്നോട്ടുവെച്ചുകൊണ്ടുള്ള സമ്മേളനമായിരുന്നു. ആ സമ്മേളനം അഭൂതപൂര്‍വമായ വിജയമായി. അതുകണ്ട് സര്‍ക്കാര്‍ അങ്കലാപ്പിലായി. തെറ്റ് ചെയ്തെന്ന് അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. പക്ഷേ തിരുത്താന്‍ അവരുടെ ഈഗോ സമ്മതിക്കുന്നില്ലെന്ന് പി.എം.എ സലാം പറഞ്ഞു.
ലീഗിനെതിരെ പഴകിപ്പുളിച്ച ആരോപണവുമായി വരികയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. ലീഗ് വര്‍ഗീയ സംഘടനയാണെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പറയാന്‍ കഴിയുമോ? ലീഗുമായി ഭരണം പങ്കിട്ടവരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. തമിഴ്നാട്ടില്‍ ഇപ്പോഴും ഒരേ സഖ്യമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗിന് ബന്ധമെന്ന് ആരോപിക്കുമ്പോള്‍ മാര്‍ക്സിറ്റ് പാര്‍ട്ടി വെല്‍ഫയര്‍ പാര്‍ട്ടിയുമായി എവിടെയൊക്കെ സഖ്യമുണ്ടാക്കി, എത്ര തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഒരുമിച്ചു ഭരിച്ചു എന്നൊക്കെ നമുക്ക് അറിഞ്ഞുകൂടെയെന്നും പി.എം.എ സലാം ചോദിക്കുന്നു.