ഒമിക്രോണ്‍ വ്യാപനം; തിയറ്ററുകളില്‍ രാത്രി 10നു ശേഷം പ്രദര്‍ശനമില്ല
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകളിൽ നിയന്ത്രണം. പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദർശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ ഇനി സെക്കന്‍റ് ഷോ ഉണ്ടാവില്ല.വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം.

നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു. കടകൾ രാത്രി 10 ന് അടയ്ക്കണം. പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെയും നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.