കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന്റെ (ഡിപിആര്‍) വിശദാംശങ്ങള്‍ പുറത്ത് വന്നു. കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് കെ റെയിലിന് നല്‍കിയിട്ടുണ്ട്.

കേരളത്തിലെ നിലവിലുള്ള റെയില്‍വേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്തമാണെന്നാണ് ഡിപിആറിലെ ന്യായീകരണം. പദ്ധതിക്ക് 1222.45 ഹെക്ടര്‍ ഭൂമി വേണ്ടി വരും. ഇതില്‍ 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണ്‌.

107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വേണ്ടിവരും.

പാതയുടെ 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയാകും കടന്നുപോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കില്‍ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നു. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാത കടന്നുപോകുന്നു. 60 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാകും പോകുക.

പാതയില്‍ 11.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നുപോകുന്നു. മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും പാത കടന്നുപോകുന്നുണ്ട്. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിപിആറില്‍ വിശദീകരിക്കുന്നു.