രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 653 ഒമിക്രോൺ ബാധിതർ, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 6,358 പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 293 പേർ മരിച്ചു. നിലവിൽ 75,456 പേരാണ് ചികിത്സയിലുള്ളത്. മുംബയിൽ കൊവിഡ് കേസുകളിൽ 70 ശതമാനവും, ഡൽഹിയിൽ 50 ശതമാനവും വർദ്ധനവുണ്ടായി.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടി. ഇതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകളും കൂടുകയാണ്. ഇതുവരെ 653 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 186 പേർ രോഗമുക്തി നേടി.രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ ഇന്നലെ മുതൽ രാത്രികാല കർഫ്യൂ നടപ്പിലാക്കി തുടങ്ങി. 142 ഒമിക്രോൺ ബാധിതരാണ് ഡൽഹിയിലുള്ളത്.